ഒളിച്ചോടിയ തൊഴിലാളികള്‍ക്ക് ഇഖാമ നിയമപരമാക്കാന്‍ അവസരം
text_fieldsകുവൈത്ത് സിറ്റി: സ്വകാര്യ തൊഴില്‍ മേഖലയിലെ വ്യാജ ഒളിച്ചോട്ട പരാതികള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെ ഒളിച്ചോട്ട കേസുകളുള്ള തൊഴിലാളികള്‍ക്ക് ഇഖാമ (താമസരേഖ) നിയമപരമാക്കാന്‍ ആഭ്യന്തര മന്ത്രാലയം അവസരമൊരുക്കുന്നു. ഈവര്‍ഷം ജനുവരി നാലിനുമുമ്പ് ഇഖാമ മരവിപ്പിക്കപ്പെട്ടവര്‍ക്കാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനാവുകയെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ താമസകാര്യ വകുപ്പിലെ പാസ്പോര്‍ട്ട്, പൗരത്വകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ശൈഖ് മാസിന്‍ അല്‍ജര്‍റാഹ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്വകാര്യ മേഖലയില്‍ ഒളിച്ചോട്ട പരാതികള്‍ സമീപകാലത്തായി ഏറെ വര്‍ധിച്ചിരുന്നു.
എന്നാല്‍, സ്പോണ്‍സര്‍മാര്‍ തങ്ങള്‍ക്കുകീഴിലെ തൊഴിലാളികള്‍ ഒളിച്ചോടിയതായി നല്‍കുന്ന പരാതികള്‍ മിക്കതും വ്യാജമാണെന്നാണ് അധികൃതരുടെ അന്വേഷണത്തില്‍ വ്യക്തമായത്. ഇതേതുടര്‍ന്ന് താമസകാര്യ വകുപ്പ് അധികൃതര്‍ തൊഴില്‍ മന്ത്രാലയത്തിനുകീഴിലെ മാന്‍പവര്‍ അതോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ തീരുമാനം. നിലവില്‍ തന്‍െറ കീഴിലുള്ള തൊഴിലാളി ഒളിച്ചോടിയതായി സ്പോണ്‍സര്‍ പൊലീസില്‍ കേസ് നല്‍കിയശേഷം തൊഴില്‍ മന്ത്രാലയത്തില്‍ അറിയിക്കുന്നതോടെ തൊഴിലാളിയുടെ ഇഖാമ മരവിപ്പിക്കുകയാണ് ചെയ്യുന്നത്. പുതിയ തീരുമാനപ്രകാരം ഒളിച്ചോട്ട കേസിനെ തുടര്‍ന്ന് ജനുവരി നാലിനുമുമ്പ് ഇഖാമ മരവിപ്പിക്കപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. താമസകാര്യവകുപ്പിലെയും മാന്‍പവര്‍ അതോറിറ്റിയിലെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി മുമ്പാകെ ഇഖാമ മരവിപ്പിക്കപ്പെട്ടവര്‍ക്ക് തങ്ങളുടെ പരാതി വ്യക്തമായ രേഖകള്‍ സഹിതം ബോധിപ്പിക്കാം.
തനിക്കെതിരായ ഒളിച്ചോട്ട പരാതി അന്യായമാണെന്ന് തൊഴിലാളിക്ക് തെളിയിക്കാനായാല്‍ കേസ് പിന്‍വലിക്കാന്‍ സമിതി സ്പോണ്‍സറോട് ആവശ്യപ്പെടും. സ്പോണ്‍സറുടെ കൂടി അനുമതിയോടെ അയാളുടെ കീഴില്‍തന്നെ തുടരുകയോ മറ്റൊരു സ്പോണ്‍സറുടെ കീഴിലേക്ക് ഇഖാമ മാറ്റാനോ സമിതി തൊഴിലാളിക്ക് അനുമതി നല്‍കും. ഇത്തരം തൊഴിലാളികളുടെ പിഴയും ഒഴിവാക്കിക്കൊടുക്കും. ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്ന വിദേശികള്‍ ബന്ധപ്പെട്ട താമസകാര്യ ഓഫിസുകളുമായി ബന്ധപ്പെടണമെന്ന് ശൈഖ് മാസിന്‍ അല്‍ജര്‍റാഹ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.