സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ –ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള നിയമം ഈമാസം 12 മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകിയതോടെ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമല്ളെന്നതിനാലാണ് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം പുതിയ നിയമം കൊണ്ടുവന്നത്. ജൂണില്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയശേഷം അമീറിന്‍െറ അനുമതിയോടെ ഒൗദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിച്ചശേഷമാണ് നിയമം പ്രാബല്യത്തില്‍വന്നത്.
സൈബര്‍ നിയമത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്മെന്‍റ് ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ഹശാശ് അറിയിച്ചു.
പത്ര, ടെലിവിഷന്‍ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും നിയമം സംബന്ധിച്ച് വ്യാപക പ്രചാരണം നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള വിവിധ കുറ്റകൃത്യങ്ങള്‍ക്ക് കടുത്തശിക്ഷയാണ് സൈബര്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. തീവ്രവാദ, ഭീകര സംഘങ്ങള്‍ക്ക് ഓണ്‍ലൈന്‍ സഹായം നല്‍കിയാല്‍ 10 വര്‍ഷം തടവുശിക്ഷയും 20,000 ദീനാര്‍ മുതല്‍ 50,000 ദീനാര്‍ വരെ പിഴയുമാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. തീവ്രവാദ, ഭീകര സംഘങ്ങള്‍ക്കുവേണ്ടി വെബ്സൈറ്റ് നിര്‍മിക്കുക, അവര്‍ക്കായി വാര്‍ത്തകള്‍ ചമക്കുക, ഫണ്ട് ശേഖരണത്തിനായി ആഹ്വാനം ചെയ്യുക എന്നിവയെല്ലാം ഈ വകുപ്പിന് കീഴില്‍വരും. പൊതുനിയമങ്ങള്‍ അട്ടിമറിക്കും വിധം വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെബ്സൈറ്റുകള്‍ ഉണ്ടാക്കുക, പരസ്യപ്പെടുത്തുക, വിവരങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക, അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി സൗകര്യം ചെയ്യുക, കള്ളപ്പണമിടപാട്, അനധികൃത പണ കൈമാറ്റം എന്നിവക്കായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കും പത്തുവര്‍ഷം തടവുശിക്ഷ നിയമം നിഷ്കര്‍ഷിക്കുന്നു.
ബ്ളാക്ക്മെയിലിങ്ങിനായി ഇന്‍റര്‍നെറ്റ് ദുരുപയോഗപ്പെടുത്തുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും 10,000 ദീനാര്‍ പിഴയും നിയമത്തില്‍ നിര്‍ദേശിക്കുന്നു. ഒൗദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കും ഈ ശിക്ഷയാണ് നിഷ്കര്‍ഷിക്കുന്നത്.
മനുഷ്യക്കടത്ത് പ്രോത്സാഹിപ്പിക്കുംവിധമുള്ള വെബ്സൈറ്റ് നിര്‍മാണത്തിന് ഏഴുവര്‍ഷം തടവും 30,000 ദീനാര്‍ പിഴയുമാണ് ശിക്ഷ. മറ്റുള്ളവരുടെ കമ്പ്യൂട്ടര്‍ അനധികൃതമായി ഉപയോഗിച്ചാലുള്ള ആറുമാസ തടവും 2,000 ദീനാര്‍ പിഴയുമാണ് നിയമത്തിലെ ഏറ്റവും ചെറിയ ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.