കുവൈത്തിലും ഇന്ധന വിലവര്‍ധന ഉടന്‍
text_fieldsകുവൈത്ത് സിറ്റി: എണ്ണ വില കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മേഖലയിലെ മറ്റു രാഷ്ട്രങ്ങള്‍ക്കുപിന്നാലെ കുവൈത്തും ഇന്ധനവില വര്‍ധിപ്പിക്കുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം ധനമന്ത്രാലയം മന്ത്രിസഭക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
മന്ത്രിസഭയുടെ അനുമതിയോടെ വില വര്‍ധനാ തീരുമാനം ഏതുസമയവും ഉണ്ടാവാമെന്നാണ് സൂചന. ഇന്ധന സബ്സിഡി വെട്ടിക്കുറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതോടെ, വില ഉയരും. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ വ്യവസായികാവശ്യത്തിനുള്ള ഡീസലിന്‍െറയും മണ്ണെണ്ണയുടെയും വിമാന ഇന്ധനത്തിന്‍െറയും സബ്സിഡി കുറച്ചതിനെ തുടര്‍ന്ന് അവയുടെ വില ഉയര്‍ന്നിരുന്നു. സമാനരീതിയില്‍ ഈവര്‍ഷം തുടക്കത്തില്‍ പെട്രോളിന്‍െറ സബ്സിഡിയും കുറക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, സബ്സിഡി നിയന്ത്രണം ഏതുരീതിയിലായിരുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
സ്വദേശികളെ ദോഷകരമായി ബാധിക്കാത്ത രീതിയിലായിരിക്കണം ഇതെന്ന് ആവശ്യമുയര്‍ന്നിരുന്നു. സബ്സിഡി ആവശ്യമായ ആളുകള്‍ക്ക് അത് തുടര്‍ന്നും കിട്ടുന്ന തരത്തില്‍ നിയന്ത്രിക്കുമന്നായിരുന്നു കഴിഞ്ഞദിവസം സര്‍ക്കാര്‍ വക്താവ് ഇതുസംബന്ധിച്ച് പ്രതികരിച്ചത്.
ഇന്ധന സബ്സിഡി നിയന്ത്രണം പ്രാബല്യത്തില്‍വരുന്നതോടെ പെട്രോളിന് നിലവില്‍ ലിറ്ററിന് 60 ഫില്‍സുള്ളത് 100 ഫില്‍സായി വര്‍ധിക്കുമെന്നാണ് സൂചന. സ്വദേശികള്‍ക്ക് ഇതില്‍ ഇളവ് ലഭിക്കുന്നതിനായി സ്മാര്‍ട്ട് സിവില്‍ ഐഡി കാര്‍ഡില്‍ സംവിധാനമുണ്ടാക്കും.
സ്വദേശികളില്‍ എല്ലാവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാവില്ളെന്നാണ് വിവരമെങ്കിലും ആര്‍ക്കൊക്കെയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, വിദേശികള്‍ക്ക് ഇന്ധന സബ്സിഡി ആനുകൂല്യം ലഭിക്കില്ല. വര്‍ധിക്കുന്ന വില പൂര്‍ണമായും നല്‍കേണ്ടിവരുന്ന അവസ്ഥയിലാവും പ്രവാസികള്‍. സബ്സിഡി കുറച്ചതോടെ ഡീസലിനും മണ്ണെണ്ണക്കും നേരത്തേ ലിറ്ററിന് 55 ഫില്‍സുണ്ടായിരുന്നത് 170 ഫില്‍സായി ഉയര്‍ന്നിരുന്നു. പിന്നീട് കുറച്ചെങ്കിലും ലിറ്ററിന് 110 ഫില്‍സാണ് ഇപ്പോള്‍ ഡീസലിന്‍െറയും മണ്ണെണ്ണയുടെയും വില. ഇത് വിദേശികളെ കാര്യമായി ബാധിച്ചില്ളെങ്കിലും പെട്രോള്‍ വില വര്‍ധിക്കുകയാണെങ്കില്‍ വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാവും അത് സമ്മാനിക്കുക.
വെള്ളം, വൈദ്യുതി തുടങ്ങിയവക്കുള്ള സബ്സിഡികളും ക്രമാനുഗതമായി പിന്‍വലിക്കാന്‍ സര്‍ക്കാറിന് ആലോചനയുണ്ട്. സമീപകാലത്തായി പൊതുചെലവ് ക്രമാതീതമായി വര്‍ധിച്ചതാണ് സര്‍ക്കാറിനെ സബ്സിഡി വെട്ടിക്കുറക്കുന്നതടക്കമുള്ള സാമ്പത്തിക നിയന്ത്രണത്തിന് പ്രേരിപ്പിച്ചത്. ഇതോടൊപ്പം, ആഗോള എണ്ണവിലയില്‍ തുടര്‍ച്ചയായുണ്ടായിക്കൊണ്ടിരിക്കുന്ന വന്‍ ഇടിവും കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.