ആരോഗ്യമന്ത്രിക്കെതിരായ കുറ്റവിചാരണാപ്രമേയം ഇന്ന് പാര്‍ലമെന്‍റ് പരിഗണിക്കും
text_fieldsകുവൈത്ത് സിറ്റി: എം.പി നബീല്‍ അല്‍ ഫാദിലിന്‍െറ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പാര്‍ലമെന്‍റ് നടപടികള്‍ ചൊവ്വാഴ്ച പുനരാരംഭിക്കും. രണ്ടാഴ്ചക്കുശേഷം ഇന്ന് സഭ വീണ്ടും കൂടുമ്പോള്‍ ഭരണതലത്തിലും ഡിപ്പാര്‍ട്ട്മെന്‍റ് തലത്തിലും സംഭവിച്ച കെടുകാര്യസ്ഥതകള്‍ ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഉബൈദിക്കെതിരെ സമര്‍പ്പിച്ച കുറ്റവിചാരണാപ്രമേയം പരിഗണനക്ക് വരും. എം.പിമാരായ റാകാന്‍ അന്നിസ്ഫ്, ഹംദാന്‍ അല്‍ ആസിമി എന്നിവരാണ് ആരോഗ്യമന്ത്രി അലി അല്‍ ഉബൈദിയെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമിന് കത്ത് നല്‍കിയിരുന്നത്.
മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്കും ക്ളിനിക്കുകളിലേക്കും മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍, മന്ത്രാലയത്തിലെ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളെ കമ്പ്യൂട്ടര്‍ ശൃംഖലകളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ പോരായ്മകള്‍, സ്വദേശികള്‍ക്കുള്ള വിദേശ ചികിത്സയുമായി ബന്ധപ്പെട്ട കെടുകാര്യസ്ഥതകള്‍, ഉദ്യോഗസ്ഥ തലത്തിലും ഭരണ തലത്തിലും നിരീക്ഷണത്തിന്‍െറ അഭാവത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അഴിമതികള്‍ തുടങ്ങിയ കാര്യങ്ങളാണ് ഇരുവരും കുറ്റവിചാരണാ പ്രമേയത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. നേരത്തേയുള്ള തീരുമാന പ്രകാരം ഡിസംബര്‍ 22ന്‍െറ കാര്യപരിപാടിയിലാണ് ആരോഗ്യമന്ത്രിക്കെതിരെയുള്ള കുറ്റവിചാരണ പ്രമേയം ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, അന്ന് ഹൃദയാഘാതം മൂലം എം.പി നബീല്‍ ഫാദില്‍ മരിച്ചതിനാല്‍ എല്ലാ നടപടികളും മാറ്റിവെച്ച് പാര്‍ലമെന്‍റ് പിരിയുകയായിരുന്നു.
അതേസമയം, കുറ്റവിചാരണയുള്‍പ്പെടെയുള്ള കാര്യപരിപാടികളിലേക്ക് കടക്കുന്നതിനുമുമ്പ് തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ നബീല്‍ അല്‍ ഫാദിലിന് അനുശോചനം രേഖപ്പെടുത്തുന്നതിനുവേണ്ടി പാര്‍ലമെന്‍റ് രണ്ടു മണിക്കൂര്‍ മാറ്റിവെക്കും. പല വിവാദ വിഷയങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന്
കുവൈത്ത് പാര്‍ലമെന്‍റിനെ ഏറെക്കാലം സജീവമാക്കിയ നബീല്‍ അല്‍ ഫാദിലിന്‍െറ അഭാവത്തില്‍ കൂടുന്ന ആദ്യത്തെ സഭയാണ് ഇന്നത്തേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.