കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റി ലോകത്തിന് മാതൃക –അമീര്‍
text_fieldsകുവൈത്ത് സിറ്റി: മാനുഷിക, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റി (കെ.ആര്‍.സി.എസ്) ലോകത്തിനുതന്നെ മാതൃകയാണെന്ന് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ കഷ്ടപ്പാടിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോവുമ്പോള്‍ കെ.ആര്‍.സി.എസ് അനുപമമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അമീര്‍ കൂട്ടിച്ചേര്‍ത്തു. കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റിയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ബയാന്‍ പാലസില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അമീര്‍. കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ്, മുന്‍ പ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, അമീരി ദിവാന്‍ സഹമന്ത്രി ശൈഖ് അലി ജര്‍റാഹ് അസ്സബാഹ്, പ്രതിരോധമന്ത്രി ശൈഖ് ഖാലിദ് അല്‍ജര്‍റാഹ് അസ്സബാഹ്, റെഡ്ക്രസന്‍റ് ചെയര്‍മാന്‍ ഡോ. ഹിലാല്‍ അല്‍സായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുവൈത്ത് റെഡ്ക്രസന്‍റിന്‍െറ 50 വര്‍ഷത്തെ ചരിത്രം പ്രതിപാദിക്കുന്ന ചിത്രപ്രദര്‍ശനവും ഒരുക്കിയിരുന്നു. 1962 ജനുവരി 10നാണ് ആഗോള റെഡ്ക്രോസ്-റെഡ്ക്രസന്‍റ് സൊസൈറ്റികളുടെ കുവൈത്ത് ഘടകത്തിന്‍െറ പ്രവര്‍ത്തനത്തിന് തുടക്കമായതെങ്കിലും 1966ല്‍ ഇതേ ദിവസമാണ് സൊസൈറ്റിക്ക് ഒൗദ്യോഗിക രൂപമായത്.നാലുവര്‍ഷത്തോളമായി തുടരുന്ന സിറിയന്‍ പ്രതിസന്ധിയില്‍ അഭയാര്‍ഥികളായി ജോര്‍ഡനിലും ലബനാനിലും കഴിയുന്ന ലക്ഷങ്ങള്‍ക്ക് കെ.ആര്‍.സി.എസിന്‍െറ സഹായഹസ്തം കുറച്ചൊന്നുമല്ല ആശ്വാസമേകുന്നത്. ഇവിടങ്ങളില്‍ സഹായവിതരണത്തിന് പുറമെ അഭയാര്‍ഥികള്‍ക്കായി കുവൈത്ത് റെഡ്ക്രസന്‍റിന്‍െറ ആഭിമുഖ്യത്തില്‍ പ്രത്യേക ഗ്രാമം തന്നെ ഒരുങ്ങുന്നുണ്ട്. ഏറെക്കാലം ബര്‍ജാസ് അല്‍ബര്‍ജാസ് ആയിരുന്നു കെ.ആര്‍.സി.എസിന്‍െറ അമരക്കാരന്‍. അദ്ദേഹത്തിന്‍െറ നിര്യാണത്തിനുശേഷം മുന്‍ ആരോഗ്യമന്ത്രികൂടിയായ ഡോ. ഹിലാല്‍ അല്‍സായറാണ് സൊസൈറ്റിയെ നയിക്കുന്നത്. വിവിധ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയായിക്കൊണ്ട് മുന്നില്‍നിന്ന് തന്നെ കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റിയെ ഉയരങ്ങളിലേക്ക് നയിക്കുകയാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.