വിദേശികള്‍ക്ക് വായ്പ : കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി
text_fieldsകുവൈത്ത് സിറ്റി: വിദേശികള്‍ക്ക് വ്യക്തിഗത വായ്പകള്‍ നല്‍കുന്നതിന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പുതിയ നിബന്ധന ഏര്‍പ്പെടുത്തി. വായ്പ നല്‍കുമ്പോള്‍ വിവിധയിനങ്ങളിലെ തിരിച്ചടവിന്‍െറ ഭാഗമായുള്ള ശമ്പളത്തിലെ കുറവ് കൂടി കണക്കിലെടുക്കണമെന്നാണ് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇതോടെ, വിദേശികള്‍ക്ക് വായ്പ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ രാജ്യത്തെ ബാങ്കുകള്‍ നിര്‍ബന്ധിതമാവും. ഇത് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി മാറും. നിലവില്‍ ഒരു വര്‍ഷത്തെയോ ആറുമാസത്തെയോ മൂന്നുമാസത്തെയോ ബാങ്ക് സ്റ്റേറ്റ്മെന്‍റ് അടിസ്ഥാനമാക്കിയാണ് മിക്ക ബാങ്കുകളും വായ്പ അനുവദിക്കുന്നത്. എന്നാല്‍, അതില്‍ പലപ്പോഴും വിവിധയിനങ്ങളിലെ തിരിച്ചടവിന്‍െറ ഭാഗമായുള്ള ശമ്പളത്തിലെ കുറവ് കാണിക്കാറില്ളെന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് പരിഹരിക്കുന്ന രീതിയിലുള്ള സ്റ്റേറ്റ്മെന്‍റ് വേണം ബാങ്കുകള്‍ വായ്പ അനുവദിക്കുന്നതിനായി ആവശ്യപ്പെടാന്‍ എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. വിദേശികള്‍ക്ക് വ്യക്തിഗത വായ്പകള്‍ നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി മറ്റൊരു നിര്‍ദേശം കഴിഞ്ഞ നവംബറില്‍ സെന്‍ട്രല്‍ ബാങ്ക് പുറപ്പെടുവിച്ചിരുന്നു. തുക പൂര്‍ണമായും രാജ്യത്തിനകത്തുതന്നെ ചെലവഴിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വായ്പ അനുവദിച്ചാല്‍ മതിയെന്നായിരുന്നു ഇത്. രാജ്യത്തിനകത്ത് തന്നെ വായ്പ തുക ചെലവഴിക്കുമെന്നതിനുള്ള രേഖകള്‍ കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇത് ഹാജരാക്കാത്തവര്‍ക്ക് വായ്പ നല്‍കരുത് തുടങ്ങിയവയായിരുന്നു നിര്‍ദേശത്തിലുണ്ടായിരുന്നത്. എന്നാല്‍, ഇത് എങ്ങനെ ഹാജരാക്കുമെന്നതിലെ സാങ്കേതിക പ്രശ്നം പ്രയാസം സൃഷ്ടിക്കുന്നതായി ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇതുകൊണ്ടുതന്നെ മിക്ക ബാങ്കുകളും വിദേശികള്‍ക്ക് വ്യക്തിഗത വായ്പകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. കുറഞ്ഞ പലിശനിരക്കില്‍ വളരെ ഉദാരമായാണ് കുവൈത്തിലെ ബാങ്കുകള്‍ വിദേശികള്‍ക്ക് വ്യക്തിഗത വായ്പകള്‍ അനുവദിച്ചിരുന്നത്. ലളിതമായ നടപടിക്രമങ്ങളിലൂടെ ശമ്പളത്തിന്‍െറ 12 മടങ്ങ് വരെ വായ്പ ലഭിച്ചിരുന്നു. വീടുനിര്‍മാണം, ചികിത്സ, വിവാഹം, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ നാട്ടിലെ ആവശ്യങ്ങള്‍ക്ക് ഇവിടെനിന്നും വായ്പ എടുത്ത് അയക്കുന്ന പ്രവാസികള്‍ നിരവധിയായിരുന്നു. നഴ്സിങ് ജോലിക്കായി നാട്ടിലെ ബാങ്കുകളില്‍നിന്ന് വായ്പ എടുത്ത പലരും തിരിച്ചടവിനായി കുവൈത്ത് ബാങ്കുകളില്‍നിന്നുള്ള വ്യക്തിഗത വായ്പയെ ആശ്രയിച്ചിരുന്നു.
ഇവിടെനിന്ന് കുറഞ്ഞ പലിശനിരക്കില്‍ വായ്പയെടുത്ത് നാട്ടിലെ പലിശനിരക്ക് കൂടിയ ബാങ്കുകളില്‍ നിക്ഷേപിച്ച് ലാഭം കൊയ്യുന്നവരും കുറവല്ല. ഇവര്‍ക്കെല്ലാം കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് കൊണ്ടുവരുന്ന പുതിയ നിബന്ധനകള്‍ തിരിച്ചടിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.