ഇലക്ട്രോണിക് പാസ്പോര്‍ട്ട് സെപ്റ്റംബര്‍ മുതല്‍
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശികള്‍ക്കുള്ള പരിഷ്കരിച്ച ഇലക്ട്രോണിക് പാസ്പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ മുതല്‍ ഇഷ്യു ചെയ്തുതുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തില്‍ നടക്കുന്ന ജി.സി.സി രാജ്യങ്ങളിലെ പാസ്പോര്‍ട്ട്കാര്യ മേധാവികളുടെ 31ാമത് യോഗത്തില്‍ സംസാരിക്കവെ കുവൈത്ത് പാസ്പോര്‍ട്ട്, പൗരത്വകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ മാസിന്‍ അല്‍ജര്‍റാഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിക്കുന്നതിന്‍െറ ഭാഗമായി ഡി.എന്‍.എ വിവരവും പാസ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തും. നിര്‍ദിഷ്ട ഇലക്ട്രോണിക് പാസ്പോര്‍ട്ടുകള്‍ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന തരത്തിലുള്ളതാവും. ഒരു ജി.സി.സി രാജ്യത്തെ പൗരന് ഇതര ജി.സി.സി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനുള്ള നടപടികള്‍ പുതിയ പാസ്പോര്‍ട്ടുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ എളുപ്പമാവും.
അംഗരാജ്യങ്ങളിലെ പാസ്പോര്‍ട്ട് കാര്യാലയങ്ങള്‍ കമ്പ്യൂട്ടര്‍വഴി പരസ്പരം ബന്ധിപ്പിക്കുന്ന നടപടികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാകും. അതോടൊപ്പം, കുറ്റവാളികളും പിടികിട്ടാ പുള്ളികളും രാജ്യം വിടുന്നത് പിടികൂടാനും അതുവഴി സാധിക്കുമെന്ന് മാസിന്‍ അല്‍ജര്‍റാഹ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സ്വദേശികളുടെ പാസ്പോര്‍ട്ടുകള്‍ ഇലക്ട്രോണിക്വത്കരിക്കുന്ന പദ്ധതിയുടെ ധാരണാപത്രത്തില്‍ ആഭ്യന്തരമന്ത്രാലയവും സിവില്‍ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റും മാര്‍ച്ചില്‍ ഒപ്പുവെച്ചിരുന്നു. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹിന്‍െറ നിര്‍ദേശപ്രകാരമാണ് സ്വദേശികളുടെ നിലവിലെ പാസ്പോര്‍ട്ടിന് പകരം ഇ-പാസ്പോര്‍ട്ട് ലഭ്യമാക്കാന്‍ തീരുമാനമുണ്ടായത്.
അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ആധുനിക സാങ്കേതികവിദ്യയും സംവിധാനവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഇലക്ട്രോണിക് സ്മാര്‍ട്ട് പാസ്പോര്‍ട്ട് നിര്‍മിക്കാനാണ് പദ്ധതി. നിലവിലെ പാസ്പോര്‍ട്ടുകളില്‍ കൊടുത്തിട്ടുള്ള വ്യക്തിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഇ-പാസ്പോര്‍ട്ടുകളിലും ഉള്‍ക്കൊള്ളിക്കും.
ലോകത്തെവിടെനിന്ന് പരിശോധിച്ചാലും വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൃത്യമായി കാണിക്കുന്ന തരത്തിലാണ് ഇവ ക്രമീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.