രാഷ്ട്രപിതാവിന്‍െറ ദീപ്തസ്മരണയില്‍ എംബസിയില്‍ ഗാന്ധിജയന്തി ആഘോഷം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയെന്ന വികാരം തുടിച്ചുനിന്ന പ്രൗഢസദസ്സിനെ സാക്ഷിയാക്കി കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. എംബസി വളപ്പില്‍ ഗാന്ധിപ്രതിമ സ്ഥാപിച്ച ശേഷം ആദ്യമായി നടക്കുന്ന ഗാന്ധിജയന്തി ആഘോഷത്തിന് പൊലിമയേറെയായിരുന്നു.
സ്ഥാനപതി സുനില്‍ ജയിന്‍ ഗാന്ധിപ്രതിമയില്‍ മാലയിട്ട് പുഷ്പാര്‍ച്ചന നടത്തിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഗാന്ധിജിയുടെ മഹത്തായ സന്ദേശങ്ങളുടെ പ്രചാരകരാവാന്‍ ഓരോ ഇന്ത്യക്കാരും ശ്രമിക്കണമെന്ന് ഇന്ത്യന്‍ സ്ഥാനപതി സന്ദേശത്തില്‍ പറഞ്ഞു. ഗാന്ധിജിയുടെ സന്ദേശം ഉള്‍ക്കൊണ്ട് എംബസി പരിസരം പരമാവധി ശുചിയായിരിക്കാന്‍ പരിശ്രമിക്കുന്നുണ്ട്.
വീടുകള്‍ വൃത്തിയായി സൂക്ഷിക്കുന്ന നാം പരിസരം ശുദ്ധിയോടെ സംരക്ഷിക്കുന്നതില്‍ അത്ര ശ്രദ്ധ ചെലുത്താറില്ല. ഈ ശീലം മാറ്റണം. മഹാത്മ ഗാന്ധി പഠിപ്പിച്ച നല്ല പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ എല്ലാ ഇന്ത്യക്കാരും കൂട്ടായി ശ്രമിക്കണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. പരിപാടിക്കത്തെിയ വലിയ ജനക്കൂട്ടത്തെ അദ്ദേഹം അഭിനന്ദിച്ചു. കുവൈത്തില്‍ ഞായറാഴ്ച മുഹര്‍റം അവധിയായതുമൂലം കൂടുതല്‍ ആളുകള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനായി. ഗാന്ധിജി പ്രചരിപ്പിച്ച മഹത്തായ സന്ദേശം ഓര്‍മിപ്പിക്കാന്‍ പ്രതിമ സ്ഥാപിച്ചതിലൂടെ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി പബ്ളിക് സ്കൂള്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥിയായ ഒഡിഷ സ്വദേശി തനിയ മിശ്രയുടെ പുല്ലാങ്കുഴല്‍ വാദനം സദസ്സ് നിറഞ്ഞ കൈയടികളോടെ എതിരേറ്റു. സജീവ് കുമാര്‍ ചെങ്ങന്നൂര്‍ തബലയുടെ അകമ്പടിയേകി. സൗണ്ട് ഓഫ് മ്യൂസിക് അക്കാദമി, ഡല്‍ഹി പബ്ളിക് സ്കൂള്‍, ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഖൈത്താന്‍ ജൂനിയര്‍ വിങ്, ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അമ്മാന്‍ ബ്രാഞ്ച്, ഇന്‍റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍, ഇന്ത്യന്‍ പബ്ളിക് സ്കൂള്‍, ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സീനിയര്‍ വിങ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം അവതരിപ്പിച്ചു. രാവിലെ 8.35ന് തുടങ്ങിയ ചടങ്ങുകള്‍ 10.05ന് അവസാനിച്ചു. എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.