സേവന മേഖലയിലെ നായക സ്ഥാനവുമായി അമീര്‍ മൂന്നാം വര്‍ഷത്തിലേക്ക്
text_fieldsകുവൈത്ത് സിറ്റി: ലോകതലത്തില്‍ സേവന മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ചതിന് ഐക്യരാഷ്ട്ര സഭ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന് മാനുഷിക സേവയുടെ ലോക നായക പട്ടം നല്‍കി ആദരിച്ചിട്ട് രണ്ടുവര്‍ഷം പിന്നിടുന്നു. 2014 സെപ്റ്റംബര്‍ ഒമ്പതിന് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണ് അമീറിനെ ലോകതലത്തില്‍ മനുഷ്യസേവന പ്രവര്‍ത്തനങ്ങളുടെ നായകനായി തെരഞ്ഞെടുത്ത് പ്രഖ്യാപനം നടത്തിയത്.
രാജ്യവും മതവും ഭാഷയും വര്‍ണവും നോക്കാതെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രയാസങ്ങളനുഭവിക്കുന്നവരെ സഹായിക്കുന്നതിലുള്ള പ്രത്യേക താല്‍പര്യം പരിഗണിച്ചാണ് കുവൈത്ത് അമീറിന് ഈ നായക പട്ടം നല്‍കുന്നതെന്ന് അന്നത്തെ ചടങ്ങില്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കിയിരുന്നു. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഭൂകമ്പം, സൂനാമിപോലുള്ള പ്രകൃതിദുരന്തങ്ങളായാലും യുദ്ധക്കെടുതികളായാലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ അമീറിന്‍െറ നേതൃത്വത്തില്‍ കുവൈത്ത് വന്‍ സഹായമാണ് പ്രഖ്യാപിക്കാറ്.
സിറിയയെ സഹായിക്കാന്‍ തയാറായ രാജ്യങ്ങളുടെ ആദ്യത്തെ മൂന്ന് ഉച്ചകോടികള്‍ക്കും ആതിഥ്യംവഹിച്ച കുവൈത്ത് വന്‍ തുകയാണ് സഹായം പ്രഖ്യാപിച്ചിരുന്നത്.
2013ല്‍ നടന്ന സിറിയന്‍ സഹായ ഉച്ചകോടിയില്‍ 300 മില്യന്‍ ഡോളറും 2014, 2015 എന്നീ വര്‍ഷങ്ങളില്‍ നടന്ന സിറിയന്‍ സഹായ ഉച്ചകോടികളില്‍ 500 മില്യന്‍ വീതം ഡോളറുമാണ് അമീര്‍ സഹായം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ലണ്ടനില്‍ നടന്ന നാലാമത് സിറിയന്‍ ഉച്ചകോടിയില്‍ വീണ്ടും 300 മില്യന്‍ ഡോളര്‍ അമീര്‍ സഹായം പ്രഖ്യാപിക്കുകയുണ്ടായി. ഇസ്രായേലിന്‍െറ ഉപരോധത്തില്‍ പ്രയാസമനുഭവിച്ചു കഴിയുന്ന ഫലസ്തീനികള്‍ക്ക് വിവിധ ഘട്ടങ്ങളിലായി മില്യന്‍ കണക്കിന് സഹായമാണ് അമീറിന്‍െറ താല്‍പര്യപ്രകാരം കുവൈത്ത് നല്‍കിവന്നത്. ജപ്പാനിലും ഇന്തോനേഷ്യയിലുമുണ്ടായ ഭൂകമ്പങ്ങളിലും തുടര്‍ന്നുണ്ടായ സൂനാമിയിലും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്ന കാര്യത്തിലും അമീര്‍ പ്രത്യേക താല്‍പര്യം കാണിക്കുകയുണ്ടായി. ഇതെല്ലാം പരിഗണിച്ചാണ് രണ്ടുവര്‍ഷം മുമ്പ് ഐക്യരാഷ്ട്ര സഭ അമീറിനെ മാനുഷിക സഹായ മേഖലയിലെ നേതൃസ്ഥാനത്ത് അവരോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.