2017ൽ ഭക്ഷ്യ സബ്സിഡി 178 ദശലക്ഷം ദീനാർ
text_fields82 സഹകരണ സംഘങ്ങളിലൂടെയാണ് റേഷൻ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത്
കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ഭക്ഷ്യ സബ്സിഡി ഇനത്തിൽ 178 ദശലക്ഷം ദീനാർ സർക്കാർ ചെലവഴിച്ചതായി വാണിജ്യ മന്ത്രി ഖാലിദ് അൽ റൗദാൻ വ്യക്തമാക്കി. 15,59,463 കുവൈത്തികളും ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരും മറ്റു രാജ്യക്കാരും സബ്സിഡി ആനുകൂല്യം കൈപ്പറ്റി. 3,71,225 റേഷൻ കാർഡുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 82 സഹകരണ സംഘങ്ങളിലൂടെയാണ് റേഷൻ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുകയാണ്.
ഈ രംഗത്തെ പുതിയ അറിവുകൾ കൈമാറാനും അതുവഴി ഭക്ഷ്യക്ഷാമം മുൻകൂട്ടി മനസ്സിലാക്കാനും സാധിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ അറബ് രാജ്യങ്ങൾക്കിടയിൽ കുവൈത്തിന് ഒന്നാം സ്ഥാനമാണ്. അന്താരാഷ്ട്ര തലത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ഇക്കണോമിസ്റ്റ് ഇൻറലിജൻസ് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ഇക്കാര്യത്തിൽ ലോകതലത്തിൽ കുവൈത്തിന് 26ാം സ്ഥാനമാണുള്ളത്. എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കുന്നതും ഭക്ഷ്യസാധനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിലും സ്വീകരിച്ച നടപടികൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ ആധുനിക സംവിധാനങ്ങളോടുകൂടിയ ലബോറട്ടറി സ്ഥാപിക്കും.
ശുവൈഖിൽ നിർമാണമാരംഭിച്ച ലബോറട്ടറി അടുത്തവർഷം ജനുവരി മുതൽ പ്രവർത്തിച്ചുതുടങ്ങും. ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയുടെ കീഴിലായിരിക്കും ലാബ് പ്രവർത്തിക്കുക. ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിക്ക് സ്വന്തമായി ഭക്ഷ്യപരിശോധനാ സംവിധാനങ്ങൾ ഇല്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിൽനിന്നുള്ള പഴം പച്ചക്കറി ഇനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്ന കാര്യത്തിലാണ് ഇത് കൂടുതൽ ബാധിക്കുന്നത്. മുനിസിപ്പാലിറ്റിയുടെയും ആരോഗ്യമന്ത്രാലയത്തിെൻറയും ലാബുകളെയാണ് നിലവിൽ ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.