അബ്ദലി ചാരക്കേസിലെ 16 പ്രതികൾ രക്ഷപ്പെട്ടതായി റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: പ്രമാദമായ അബ്ദലി ചാരക്കേസിലെ 16 പ്രതികൾ രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഇവർ ബോട്ടിൽ ഇറാനിലേക്ക് രക്ഷപ്പെട്ടതായി പ്രാദേശിക പത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
സുപ്രീംകോടതി തടവ് വിധിച്ച 26 പേരിൽ 16 പേരാണ് മുങ്ങിയത്. അപ്പീൽ കോടതി വെറുതെവിട്ട ഘട്ടത്തിൽ ഇവർ ജയിലിന് പുറത്തെത്തി.
ഇൗ അവസരം മുതലെടുത്താണ് ഇവർ മുങ്ങിയത്. കേസിലെ 15 പ്രതികൾക്കെതിരെ കുറ്റാന്വേഷണ കോടതി വിധിച്ച 15 വർഷ തടവ് അപ്പീൽ കോടതി റദ്ദാക്കുകയും അവരെ നിരപരാധികളാണെന്നുകണ്ട് വെറുതെ വിടുകയും ചെയ്തിരുന്നു.
എന്നാൽ, ഇത് പിന്നീട് സുപ്രീകോടതി റദ്ദാക്കി. ഇതോടൊപ്പം, കേസിലെ ഒന്നാം പ്രതിക്ക് കീഴ്കോടതി വിധിച്ച വധശിക്ഷ കഴിഞ്ഞ മാസം സുപ്രീം കോടതി ജീവപര്യന്തമാക്കിയിരുന്നു.
അപ്പീൽ കോടതി നിരപരാധിയായി പ്രഖ്യാപിച്ച 13ാം പ്രതിയായ സ്വദേശിക്ക് 10 വർഷം തടവും വിധിച്ചിട്ടുണ്ട്.
ഇതേകേസിൽ ജീവപര്യന്തം വിധിച്ച മറ്റൊരു സ്വദേശിയുടെ ശിക്ഷ 15 വർഷം തടവായി കുറക്കുകയും ചെയ്തു. കീഴ്ക്കോടതി വിധിച്ച 15 വർഷ തടവ് സുപ്രീംകോടതി പത്ത് വർഷം വരെ തടവ് ആക്കി ചുരുക്കുകയും ചെയ്തു. രാജ്യസുരക്ഷക്ക് ഭീഷണിയാകുംവിധം പ്രവർത്തിച്ചുവെന്നതിന്ന് 2015 സെപ്റ്റംബറിലാണ് ചിലർക്കെതിരെ കേസെടുത്തത്.
ഇറാനും ഹിസ്ബുല്ലക്കും രഹസ്യവിവരങ്ങൾ ചോർത്തി നൽകുന്നുവെന്നും ഇവർക്കെതിരെ ആരോപണം ഉണ്ടായിരുന്നു.
അബ്ദലി കാർഷിക മേഖലയിൽ ഇവരുടെ താമസസ്ഥലത്തുനിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും വാർത്താവിനിമയ ഉപകരണങ്ങളും കണ്ടെടുത്തു. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്ത് റെയ്ഡ് നടത്തിയാണ് ഇവ പിടികൂടിയത്.
അന്വേഷണത്തിൽ ഇറാെൻറയും ഹിസ്ബുല്ലയുടെയും പിന്തുണയോടെ സ്ഫോടന പരമ്പരകൾ നടത്തി രാജ്യത്തെ തകർക്കാനുള്ള ശ്രമം കണ്ടെത്തിയെന്നാണ് അധികൃതരുടെ വിശദീകരണം.
രാജ്യസുരക്ഷക്ക് ഭീഷണിയുയർത്തിയ സംഭവത്തിലെ പ്രതികൾ രക്ഷപ്പെട്ടത് രാജ്യത്ത് ചർച്ചയായിട്ടുണ്ട്.
പ്രതിപക്ഷ എം.പിയായ മുഹമ്മദ് ഹായിഫ് ആഭ്യന്തര വകുപ്പ് വിഷയത്തിൽ പ്രസ്താവന പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.