2022ലെ തെരഞ്ഞെടുപ്പ് ഫലം ഭരണഘടനാ കോടതി അസാധുവാക്കി
text_fieldsകുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അസാധാരണമായ നടപടികൾക്ക് സാക്ഷിയായി കുവൈത്ത് ദേശീയ അസംബ്ലി. 2022ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കിയും 2020ലെ അസംബ്ലി പുനഃസ്ഥാപിച്ചും കുവൈത്ത് ഭരണഘടനാകോടതി വിധി പുറപ്പെടുവിച്ചു.
2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഉത്തരവിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വിധി. ഇതോടെ 2022 സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയ അസാധുവാണെന്ന് കോടതി വ്യക്തമാക്കി. 2020ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ദേശീയ അസംബ്ലി അംഗങ്ങളെ കോടതി പുനഃസ്ഥാപിച്ചു.
2020ലെ മർസൂഖ് അൽ ഗാനിമിനെ ദേശീയ അസംബ്ലിയുടെ നിയമാനുസൃത സ്പീക്കറായി തിരിച്ചെടുക്കാനും ഭരണഘടനാകോടതി ഉത്തരവിട്ടു. പുതിയ വിധി വന്നതോടെ നിലവിലുള്ള എം.പിമാർ ദേശീയ അസംബ്ലയിൽനിന്ന് പുറത്താകുകയും പിരിച്ചുവിട്ട സഭയിലെ അംഗങ്ങൾ വീണ്ടും ജനപ്രതിനിധികളെന്ന നിലയിൽ എത്തുകയും ചെയ്യും. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം.
വിധി വന്നതിന് പിറകെ കഴിഞ്ഞ അസംബ്ലി സ്പീക്കറായിരുന്ന മർസൂഖ് അൽ ഗാനിം ട്വിറ്ററിൽ വ്യക്തിവിവരം ദേശീയ അസംബ്ലിയുടെ സ്പീക്കറായി തിരുത്തി. മറ്റു മുൻ എം.പിമാരും ആഹ്ലാദംപ്രകടിപ്പിച്ച് രംഗത്തെത്തി. അതേസമയം, നിലവിലെ സ്പീക്കർ അഹമ്മദ് അൽ സദൂന് നിർഭാഗ്യകരമായ അന്ത്യമായി. ഭരണഘടനാ കോടതി അസാധുവാക്കിയ 2012 അസംബ്ലിയിലും ഇദ്ദേഹം സ്പീക്കറായിരുന്നു.
തുടർച്ചയായ രാജി, വിവാദങ്ങൾ
കുവൈത്ത് സിറ്റി: 2020 ഡിസംബറിൽ അഞ്ചിനാണ് 16ാമത് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് നടന്നത്. പിറകെ സർക്കാർ രൂപവത്കരണവും നടന്നു. എന്നാൽ, സഭാനടപടികൾ ആരംഭിച്ച് മാസങ്ങൾക്കകം സർക്കാറും എം.പിമാരും തമ്മിലുള്ള അഭിപ്രായഭിന്നത ഉടലെടുത്തു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനും മന്ത്രിമാർക്കുമെതിരെ എം.പിമാർ രംഗത്തെത്തിയതോടെ സർക്കാർ, പാർലമെൻറ് സംഘർഷം ശക്തമായി.
പ്രധാനമന്ത്രിക്കെതിരെ മൂന്ന് എം.പിമാർ കുറ്റവിചാരണക്ക് നോട്ടീസ് നൽകുകയുമുണ്ടായി. ഇതിന് പിറകെ 2021 ജനുവരിയിൽ മന്ത്രിസഭ രാജിവെച്ചു. വൈകാതെ ശൈഖ് സബാഹ് ഖാലിദിനെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചു. മാർച്ചിൽ പുതിയ മന്ത്രിസഭ രൂപവത്കരിച്ചു. എങ്കിലും സംഘർഷങ്ങൾക്ക് അയവുവന്നില്ല.
തുടർന്ന് പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറിന്റെ ആഭിമുഖ്യത്തിൽ ‘നാഷനൽ ഡയലോഗും’ നടന്നു. 2021 ഡിസംബറിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. 16 അംഗ മന്ത്രിസഭയിൽ പാർലമെൻറിൽനിന്ന് നാലുപേരെ ഉൾപ്പെടുത്തി. എന്നാൽ, ഈ മന്ത്രിസഭക്കും കൂടുതൽ ആയുസ്സുണ്ടായില്ല.
26 എം.പിമാർ കുറ്റവിചാരണക്ക് നോട്ടിസ് നൽകിയതിനെ തുടർന്ന് 2022 ഏപ്രിലിൽ സർക്കാർ രാജിവെച്ചു. പാർലമെന്റ് സമ്മേളനങ്ങൾ മുടങ്ങൽ പതിവായി. 2022 ജൂൺ 23ന് പ്രത്യേക അധികാരമായ ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ദേശീയ അസംബ്ലി പിരിച്ചുവിട്ടു.
ഈ നടപടിക്കെതിരെയാണ് പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഭരണഘടനാ കോടതിയുടെ ഞായറാഴ്ചയിലെ വിധി. തുടർന്ന് 2022 സെപ്റ്റംബർ 29ന് രാജ്യത്ത് 17ാം ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് നടന്നു. പിറകെ ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരത്തിൽ വന്നു.
മുൻ അനുഭവങ്ങൾ ഒഴിവാക്കി സർക്കാറും എം.പിമാരും രമ്യതയിൽ മുന്നോട്ടുപോകാൻ ഇരുപക്ഷവും ധാരണയിലെത്തിയിരുന്നു. എന്നാൽ, മന്ത്രിമാർക്കെതിതെ ദേശീയ അസംബ്ലിയിൽ കുറ്റവിചാരണപ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിനിടെ 2023 ജനുവരിയിൽ ഈ മന്ത്രിസഭയും രാജി പ്രഖ്യാപിച്ചു. പുതിയ മന്ത്രിസഭ രൂപവത്കരണം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷക്കിടെയാണ് അധികാരകേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് ഭരണഘടനാ കോടതി വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.