വ്യാപക പരിശോധന; താമസ, തൊഴിൽ നിയമം ലംഘിച്ച 209 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ നിന്നായി 209 പ്രവാസികൾ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മഹ്ബൂല, സബാഹ് അൽ നാസർ, ഷാർഖ്, ഹവല്ലി, ഫഹാഹീൽ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി അഫയേഴ്സിന്റെയും ത്രികക്ഷി സമിതിയുടെയും പരിശോധനയിൽ ഇവിടങ്ങളിൽ നിന്നായി താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 162 പേരെ പിടികൂടി. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായവർ.
പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ വിവിധ ഗവർണറേറ്റുകളിലെ ഭക്ഷണട്രക്കുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഇവയിൽ നിന്നായി താമസനിയമം ലംഘിച്ച 47 പേരെയും പിടികൂടി. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന നടന്നുവരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിലുള്ള നിരവധി പേർ പിടിയിലായിരുന്നു. നിയമലംഘകരെ നാടുകടത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.