2,15,000 വിദേശികൾ കഴിഞ്ഞ വർഷം തൊഴിൽ വിപണി വിട്ടു
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം 2,15,000 വിദേശികൾ തൊഴിൽ വിപണി വിട്ടു. ഇതിൽ ഭൂരിഭാഗവും സ്ഥിരമായി കുവൈത്ത് വിടുകയും ചെറിയൊരു ശതമാനം തൊഴിൽ ഉപേക്ഷിച്ച് കുടുംബ വിസയിൽ ബന്ധുക്കളുടെ കൂടെ ചേരുകയും ചെയ്തു. 12,000 കുവൈത്തികൾ കഴിഞ്ഞ വർഷം സ്വകാര്യ തൊഴിൽ വിപണിയിൽ പ്രവേശിച്ചു. കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിരവധി പേർക്ക് തൊഴിൽ നഷ്ടമായതും നാട്ടിൽ പോയവർക്ക് ഇഖാമ കാലാവധി കഴിഞ്ഞതിനാൽ തിരിച്ചുവരാൻ കഴിയാത്തതും സ്വദേശിവത്കരണ നടപടികളുമാണ് രാജ്യത്ത് വിദേശികളുടെ എണ്ണം കുറക്കുന്നത്.
ജീവിതച്ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്യുന്നത് വിദേശ തൊഴിലാളികളെ സമ്മർദത്തിലാക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ പുതിയ തൊഴിൽ വിസ അനുവദിക്കുന്നില്ല. നിലവിലുള്ളവർ കുറഞ്ഞുകൊണ്ടേയിരിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതൽ ഉണ്ടാവുക കുവൈത്തിലാണെന്നാണ് ഒാക്സ്ഫഡ് ഇക്കണോമിസ്റ്റ് ഫൗണ്ടേഷെൻറ പഠന റിപ്പോർട്ടിൽ പറയുന്നത്.
അവധിക്ക് നാട്ടിൽ പോയി കുടുങ്ങിയ നിരവധി പേർക്ക് വിസ പുതുക്കാൻ കഴിയാത്തതിനാൽ കുവൈത്തിലേക്ക് തിരിച്ചുവരാൻ കഴിയാത്ത സ്ഥിതിയിലായി.ഒാൺലൈനായി സ്പോൺസർക്ക് വിസ പുതുക്കാൻ കഴിയുമെങ്കിലും കമ്പനി ബ്ലാക്ക് ലിസ്റ്റിൽ ആയും സ്പോൺസർ പുതുക്കാൻ തയാറാകാതെയും അശ്രദ്ധ മൂലവും പലരുടെയും അവസരം നഷ്ടപ്പെട്ടു. കോവിഡ് പ്രതിസന്ധിയൊഴിഞ്ഞാൽ ഇവരുടെ കാര്യത്തിൽ മാനുഷിക പരിഗണനവെച്ചുള്ള പ്രത്യേക തീരുമാനമോ ഇളവോ ഉണ്ടാകുമെന്ന പ്രതീക്ഷ ആളുകൾക്കുണ്ട്. അത്തരത്തിൽ എംബസിയുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകുമെന്നാണ് അറിയുന്നത്. എംബസി ഇത്തരക്കാരുടെ വിവരം ശേഖരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.