അമീരി കാരുണ്യം; 225 തടവുകാർ ഇന്ന് മോചിതരാകും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അമീരി കാരുണ്യപ്രകാരം ശിക്ഷയിളവ് ലഭിക്കുന്ന 225 തടവുകാർ ബുധനാഴ്ച മോചിതരാകും. മോചിതരായ പ്രവാസികളെ സ്വന്തം രാജ്യത്തേക്ക് അയക്കാനായി നാടുകടത്തൽ വകുപ്പിന് കൈമാറുമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. ആകെ ശിക്ഷയിളവ് ലഭിക്കുന്നത് 595 പേർക്കാണ്. ഉടൻ മോചിതരാകുന്ന 225 പേർ ഒഴികെയുള്ളവർക്ക് തടവുകാലം കുറച്ചുകൊടുക്കുകയോ പിഴയിളവ് നൽകുകയോ ആണ് ചെയ്യുക. ഇളവ് ലഭിക്കുന്നവരിൽ സ്വദേശികളും വിദേശികളുമായ സ്ത്രീകളും പുരുഷന്മാരുമുണ്ട്. ദേശസുരക്ഷ, പൊതുമുതൽ ദുർവ്യയം ചെയ്യൽ, കള്ളപ്പണ ഇടപാട് എന്നിവയുമായി ബന്ധപ്പെട്ടവരെ അമീരി കാരുണ്യത്തിന് പരിഗണിച്ചിട്ടില്ല.
ശിക്ഷയിളവ് ലഭിക്കുന്നവരുടെ പട്ടിക ജയിൽ വകുപ്പിന് കൈമാറിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് പട്ടിക തയാറാക്കിയത്. തുടർന്ന് അമീരി ദിവാൻ അംഗീകാരം നൽകി. അതിനുശേഷം പബ്ലിക്ക് പ്രോസിക്യൂഷൻ പട്ടിക പരിശോധിച്ച് ഇളവ് ലഭിച്ചവർ വ്യവസ്ഥകൾക്കുള്ളിൽ വരുന്നുണ്ടെന്ന് ഉറപ്പാക്കി. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ കാര്യങ്ങൾ പരിഗണിച്ചാണ് അമീരി കാരുണ്യത്തിൽ ഉൾപ്പെടുത്തേണ്ട തടവുകാരുടെ പട്ടിക തയാറാക്കിയത്. കഴിഞ്ഞ വർഷം അമീരി കാരുണ്യപ്രകാരം 459 തടവുകാർക്ക് മോചനം ലഭിച്ചു. നിരവധി പേർക്ക് ശിക്ഷയിളവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.