അഹ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ 248 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: നാലുദിവസം മുമ്പ് ആരംഭിച്ച സുരക്ഷ പരിശോധന രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. അഹ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ 248 പേരാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സൂബിയുടെ നേതൃത്വത്തിലാണ് വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുന്നത്. ഫഹാഹീൽ വ്യവസായ മേഖലയിൽ 74 പേരെ പിടികൂടി. ഇവർ സ്പോൺസർമാരിൽനിന്ന് ഒളിച്ചോടി പുറത്ത് ജോലിയെടുക്കുന്നവരായിരുന്നു.
മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഖുറൈനിലെ കടകളിലാണ് പ്രധാനമായി റെയ്ഡ് അരങ്ങേറിയത്. 170 സുരക്ഷ ഉദ്യോഗസ്ഥരാണ് റോഡുകളുടെ പ്രവേശന കവാടങ്ങളിൽ ചെക്ക്പോയൻറുകൾ തീർത്ത് രേഖകൾ പരിശോധിക്കുന്നത്. ജാബിർ അൽ അഹ്മദിലും പരിശോധനയുണ്ടായി.
ജഹ്റയിൽ റെയ്ഡ്: 150 പേർ പിടിയിൽ
കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിൽ നടത്തിയ സുരക്ഷ പരിശോധനയിൽ 150 പേരെ പിടികൂടി. ഇതിൽ സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയ 70 പേർ ഉൾപ്പെടെ താമസ നിയമലംഘകരാണ്. 80 പേർ അറസ്റ്റിലായത് റഹിയ അൽ ബരിയ ഭാഗത്തുനിന്നാണ്. ഇവരെ കുവൈത്തിലേക്ക് തിരിച്ചുവരാൻ കഴിയാത്ത വിധം വിരലടയാളം എടുത്ത് നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ഫ്രൈഡേ മാർക്കറ്റിലും പരിശോധന
കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും പഴക്കമേറിയതും ജനകീയവുമായ വിപണിയായ ഫ്രൈഡേ മാർക്കറ്റിൽ വെള്ളിയാഴ്ച രാത്രി പൊലീസ് പരിശോധന അരങ്ങേറി. രാജ്യമാകെ വിപുലപ്പെടുത്തിയ സുരക്ഷ പരിശോധനയുടെ ഭാഗമായാണ് ഇവിടെയും പൊലീസ് എത്തിയത്.
മൊട്ടുസൂചി മുതല് വ്യായാമ ഉപകരണങ്ങൾ വരെ എന്തും വിലക്കുറവിൽ ലഭിക്കുന്ന സൂഖ് അൽ ജുമുഅയിൽ (ഫ്രൈഡേ മാർക്കറ്റ്) വാരാന്ത്യ അവധി ദിവസങ്ങളിൽ സാധാരണക്കാർ ധാരാളമായി എത്തുന്നതാണ്. താമസ നിയമലംഘകരായ നിരവധി പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഫ്രൈഡേ മാർക്കറ്റിലെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും ഇന്ത്യ, ഫിലിപ്പീൻസ്, ഇൗജിപ്ത്, ബംഗ്ലാദേശ്, സിറിയ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ വിദേശികളാണ്. എത്രപേരെ പിടികൂടിയെന്നത് സംബന്ധിച്ച ഒൗദ്യോഗിക കണക്ക് വന്നിട്ടില്ല.
ഒരിടവേളക്ക് ശേഷം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സുരക്ഷ പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.