26 മെഡിക്കൽ ഉൽപന്നങ്ങൾ കുവൈത്തിൽ നിർമിക്കും
text_fieldsകുവൈത്ത് സിറ്റി: 26 മെഡിക്കൽ ഉൽപന്നങ്ങൾ കുവൈത്തിൽ നിർമ്മിക്കാൻ ധാരണയായി. അമേരിക്കൽ കമ്പനിയായ ആബട്ട് ഇൻറർനാഷനലുമായാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം കരാറിൽ ഒപ്പിട്ടത്.
ആഗോള നിക്ഷേപം വരുന്നത് സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും കൂടുതൽ തൊഴിൽ സൃഷ്ടിക്കപ്പെടുമെന്നും ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. കൂടുതൽ നിക്ഷേപം ആകർഷിക്കാൻ പുതിയ കരാർ സഹായിക്കുമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നു.
അവശ്യ മരുന്നുകൾ രാജ്യത്തുതന്നെ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അന്താരാഷ്ട്ര മരുന്ന് നിർമാണ കമ്പനികളുമായി ആരോഗ്യ മന്ത്രാലയം ചർച്ച നടത്തിയിരുന്നു. അവശ്യമരുന്നുകൾ തദ്ദേശീയമായി ഉൽപാദിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ വില പിടിച്ചുനിർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കമ്പനികൾക്ക് മന്ത്രാലയം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കും.
നിബന്ധനകൾക്ക് വിധേയമായി അവർക്ക് രാജ്യത്ത് മരുന്ന് നിർമാണ ഫാക്ടറികൾ നടത്താം. ഇവക്കുമേൽ മന്ത്രാലയത്തിെൻറ നിരീക്ഷണമുണ്ടാവും. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മരുന്ന് നിരീക്ഷണകാര്യ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവശ്യമരുന്നുകളുടെ വില താങ്ങാൻ സാധിക്കാത്ത നിലയിലേക്ക് കൂടുന്ന സാഹചര്യത്തിലാണിത്.
അന്താരാഷ്ട്ര തലത്തിൽ അവശ്യമരുന്നുകളുടെ വില ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. താങ്ങാൻ സാധിക്കാത്ത നിലയിലേക്ക് മരുന്ന് വില കൂടുന്നത് ഇടത്തരക്കാരും സാധാരണക്കാരുമായ രോഗികൾക്ക് ഭാവിയിൽ പ്രയാസം സൃഷ്ടിക്കും. ഇറക്കുമതി തീരുവയുൾപ്പെടെ നൽകേണ്ടി വരുന്നതുകൊണ്ട് കൂടിയാണ് വിദേശ മരുന്നുകൾക്ക് വില കൂടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.