20 വർഷത്തിലധികം തടവിൽ കഴിഞ്ഞ 30 പേരെ മോചിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് 20 വർഷത്തിലേറെ തടവിൽ കഴിഞ്ഞ 30 തടവുകാരെ മോചിപ്പിച്ചു. 17 കുവൈത്ത് പൗരന്മാരെയും 13 പ്രവാസി തടവുകാരെയുമാണ് മോചിപ്പിച്ചത്. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഉത്തരവ് പ്രകാരം ജീവപര്യന്തം ശിക്ഷ 20 വർഷമായി കുറച്ചതിനെതുടർന്നാണ് നടപടി.
മോചിതരായ കുവൈത്ത് പൗരന്മാരെ അഞ്ചുവർഷത്തേക്ക് ഇലക്ട്രോണിക് നിരീക്ഷണ വളയങ്ങൾ ധരിപ്പിക്കും. അതേസമയം 13 പ്രവാസി തടവുകാരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ ഉടൻ തന്നെ നാടുകടത്തും. ജയിലിൽ 20 വർഷമെ പിന്നിട്ട അഞ്ച് തടവുകാരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഇവർ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതാണ് കാരണം. പുറത്തിറങ്ങിയവരിൽ ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞത് കൊലപാതകത്തിന് 33 വർഷം തടവിൽ കഴിഞ്ഞ ഈജിപ്ഷ്യൻ പൗരനാണ്. ഇയാളെ ആദ്യം വധശിക്ഷക്ക് വിധിച്ചെങ്കിലും, ഇരയുടെ കുടുംബം മാപ്പ് നൽകിയതിനെ തുടർന്ന് ശിക്ഷ ജീവപര്യന്തമായി കുറക്കുകയായിരുന്നു. കുവൈത്ത് പൗരന്മാരിൽ ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞത് മയക്കുമരുന്ന് കടത്തിന് 27 വർഷം ജയിലിൽ കഴിഞ്ഞയാളാണ്. മോചിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.