300 ബംഗ്ലാദേശി നഴ്സുമാർ കുവൈത്തിലെത്തും
text_fieldsകുവൈത്ത് സിറ്റി: 300 ബംഗ്ലാദേശി പുരുഷ, വനിത നഴ്സുമാർ കുവൈത്തിലെത്തും. 104 പേർ വ്യാഴാഴ്ച എത്തും; ബാക്കിയുള്ളവർ ആഗസ്റ്റിൽ എത്തും.
ഗാർഹികത്തൊഴിൽ, ശുചീകരണ ജോലികളിൽ കൂടുതലായി കണ്ടിരുന്ന ബംഗ്ലാദേശ് പൗരന്മാർ രാജ്യത്തെ വിവിധ തൊഴിൽ മേഖലകളിൽ സജീവമാകുകയാണ്. മന്ത്രിതലത്തിൽ നടത്തിയ ഇടപെടലുകളാണ് അവർക്ക് കൂടുതൽ അവസരമൊരുക്കിയത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ 50 ബംഗ്ലാദേശി നഴ്സുമാർ കഴിഞ്ഞ ജൂണിൽ എത്തിയിരുന്നു. കുവൈത്തിൽ അവസരം തേടിയുള്ള ഉന്നതതല ഇടപെടലിന്റെ ഫലമായാണ് ബംഗ്ലാദേശി നഴ്സുമാർക്ക് കുവൈത്തിൽ ജോലി ലഭിച്ചത്.
കൂടുതൽ പേർ വൈകാതെ എത്തുമെന്നാണ് കരുതുന്നത്. കുവൈത്തിൽ ഇന്ത്യക്കാർക്ക് ആധിപത്യമുള്ള തൊഴിൽ മേഖലയാണ് നഴ്സിങ്. അവിടേക്കാണ് ബംഗ്ലാദേശ് ഉന്നത ഇടപെടലിലൂടെ അവസരം നോക്കുന്നത്.
കുവൈത്തിലുള്ള ഇന്ത്യക്കാർ ഉൾപ്പെടെ നഴ്സുമാരിൽ നല്ലൊരു ശതമാനം യു.കെ, ന്യൂസിലൻഡ്, ആസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന പ്രവണതയുണ്ട്.
ഇതോടെയാണ് പുതിയ കേന്ദ്രങ്ങളിൽനിന്ന് ആളുകളെ എത്തിക്കാൻ കുവൈത്ത് ശ്രമം ആരംഭിച്ചത്.
ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. അബ്ദു കലാം അബ്ദുൽ മുഅ്മിൻ നേരിട്ട് നടത്തിയ ഇടപെടലാണ് ബംഗ്ലാദേശി ആരോഗ്യ പ്രവർത്തകർക്ക് കുവൈത്തിൽ അവസരമൊരുക്കിയത്. അക്കൗണ്ടന്റ്, ക്ലർക്ക് തുടങ്ങിയ ഓഫിസ് ജോലികളിലും അവസരത്തിന് ബംഗ്ലാദേശ് ഉന്നതതല ഇടപെടലിലൂടെ ശ്രമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.