30ാമത്തെ സഹായവിമാനം അയച്ചു; ഗസ്സക്ക് ശീതകാല സഹായങ്ങളുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് റിലീഫ് എയർ ബ്രിഡ്ജിന്റെ ഭാഗമായി 30ാമത്തെ സഹായവിമാനം ചൊവ്വാഴ്ച ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിൽ എത്തി.
ഗസ്സ നിവാസികൾക്കുള്ള 10 ടൺ ശീതകാല അവശ്യസാധനങ്ങൾ വിമാനത്തിൽ ഉൾപ്പെടുന്നു. ശീതകാല ആരംഭത്തിൽ ഗസ്സക്കാർക്ക് അടിയന്തരമായി ആവശ്യമായ ടെന്റുകൾ, പുതപ്പ്, ശീതകാലവസ്ത്രങ്ങൾ എന്നിവയാണ് ഫലസ്തീനിയൻ റെഡ് ക്രസന്റിന്റെ അഭ്യർഥന പ്രകാരം ചൊവ്വാഴ്ച അയച്ചതെന്ന് അൽസലാം സൊസൈറ്റി ജനറൽ ഡയറക്ടറും ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റബ്ൾ ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ) ബോർഡ് അംഗവുമായ ഡോ. നബീൽ അൽ ഔൻ പറഞ്ഞു.
കൂടുതൽ ഭക്ഷണം, മരുന്ന്, ഈർപ്പം പ്രതിരോധിക്കുന്ന കിടക്കകൾ, ടെന്റുകൾ, പാർപ്പിടവസ്തുക്കൾ തുടങ്ങിയ മറ്റ് അവശ്യസാധനങ്ങൾ കുവൈത്ത് അയക്കും. ഗസ്സയുടെ പുനർനിർമാണ സംഭാവനകളെക്കുറിച്ച് അൽ സലാം സൊസൈറ്റിയും ഐ.ഐ.സി.ഒയും ഫലസ്തീനിലെ ബന്ധപ്പെട്ട സംഘടനകളുമായി ചർച്ചചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അൽ സലാം സൊസൈറ്റിയിൽ 200 ടണ്ണിലധികം ദുരിതാശ്വാസസാമഗ്രികൾ ഉണ്ടെന്നും ഇവ ഗസ്സയിലേക്ക് അയക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ അയച്ചത് 1310 ടൺ സഹായം
കുവൈത്ത് സിറ്റി: യുദ്ധത്തിൽ തകർന്ന ഗസ്സയിലേക്ക് കുവൈത്ത് ഇതുവരെ അയച്ചത് 1310 ടൺ മാനുഷിക സഹായം. ഇതിൽ മുഴുവൻ മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ച 40ഓളം ആംബുലൻസുകൾ, ഭക്ഷണം, മരുന്നുകൾ, ടെന്റുകൾ, പുതപ്പ് എന്നിവയും ഉൾപ്പെടുന്നു. കുവൈത്ത് അയച്ചതിൽ 80 ശതമാനത്തിലധികം സഹായവും ഗസ്സയിൽ എത്തിയിട്ടുണ്ട്. കുവൈത്തിൽനിന്ന് ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തിക്കുന്ന സഹായം ഈജിപ്ത് റെഡ് ക്രസന്റ് സൊസൈറ്റി സഹകരണത്തിലാണ് ഗസ്സയിലെത്തിക്കുന്നത്. വിതരണത്തിന് ഫലസ്തീൻ റെഡ്ക്രസന്റ് സൊസൈറ്റികളുടെ സഹകരണവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.