ഇറാഖ് കത്തിച്ച അവസാന എണ്ണക്കിണർ അണച്ചിട്ട് 33 വർഷം; ഓർമകളിൽ കെടാതെ കത്തി ആ ദിനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശ ചരിത്രത്തിന്റെ മറ്റൊരു ഓർമദിനം കൂടി പിന്നിട്ട് കുവൈത്ത്. ഇറാഖിന്റെ അധിനിവേശത്തിനും പിന്മാറ്റത്തിനും പിറകെയുണ്ടായ എണ്ണക്കിണർ തീകൊളുത്തൽ അണച്ചിട്ട് കഴിഞ്ഞ ദിവസം 33 വർഷം പിന്നിട്ടു. 1990 ആഗസ്റ്റ് രണ്ടിനാണ് ഇറാഖ് കുവൈത്ത് പിടിച്ചടക്കിയത്. അന്താരാഷ്ട്ര സഖ്യസേനയുടെ ഇടപെടലിലൂടെ 1991 ഫെബ്രുവരി 26ന് മോചിപ്പിക്കപ്പെട്ടു.
എന്നാൽ, കുവൈത്തിലെ എണ്ണക്കിണറുകൾക്ക് വ്യാപകമായി തീയിട്ടാണ് ഇറാഖി സേന മടങ്ങിയത്. പിന്നീട് മാസങ്ങളോളം ആ എണ്ണക്കിണറുകളിൽ തീ അണയാതെ നിന്നു. അതിലെ അവസാന എണ്ണക്കിണർ കെടുത്തിയിട്ട് ബുധനാഴ്ച 33 വർഷം പിന്നിട്ടു.
കുവൈത്തിലെ 737 എണ്ണക്കിണറുകൾക്കാണ് ഇറാഖി സൈന്യം തീയിട്ടത്. 54 എണ്ണ കിണറുകൾ പൂർണമായും നശിക്കുകയും ചെയ്തു. കുവൈത്തിൽ ഇത് വലിയ പാരിസ്ഥിതിക ദുരന്തത്തിന് കാരണമായി. എണ്ണ കിണറുകളിൽ നിന്നുള്ള കറുത്ത പുകയുടെ ആവരണത്തിലായിരുന്നു മാസങ്ങളോളം കുവൈത്തിലെ ആകാശം. രാജ്യ ചരിത്രത്തിലെ ഈ ‘കറുത്ത ദിനങ്ങൾ’ ഓരോ വർഷവും കുവൈത്ത് അനുസ്മരിക്കുന്നു.
പാരിസ്ഥിതിക ആഘാതത്തിന് പുറമേ, തീപിടിത്തം എണ്ണ ചോർച്ചക്കും കാരണമായി. ഏകദേശം 23 ദശലക്ഷം ബാരലുകൾ എണ്ണ പാഴായി. പ്രതിദിനം 120 ദശലക്ഷം യു.എസ് ഡോളറിന്റെ നഷ്ടമാണ് അത് വരുത്തിവെച്ചത്. എണ്ണ ശാലകൾ വരുത്തിയ കേടുപാടുകൾ തീർക്കാൻ അനന്തമായ സമയവും പ്രയത്നവും ആവശ്യമായിരുന്നു. ആഗോള സമ്പദ്വ്യവസ്ഥയെയും അത് ഉലച്ചു. ഏഴ് മാസത്തോളം മാന്ദ്യത്തിലേക്കും നയിച്ചു.
തുടർന്ന് കുവൈത്ത് നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തി ചടുലമായ നീക്കങ്ങൾ നടത്തി. എണ്ണക്കിണറുകൾ കെടുത്താനുള്ള അടിയന്തര ശ്രമങ്ങളും ഹ്രസ്വവും ദീർഘകാലവുമായ പരിഹാരങ്ങളും ഒരുക്കി. രാവും പകലും നീണ്ട ശ്രമങ്ങളിൽ വിപുലമായ അറിവുള്ള ആഗോള സ്ഥാപനങ്ങളെ ചേർത്തു നിർത്തി.
കുവൈത്ത് ഓയിൽ കമ്പനി കിണറുകളിലെ തീ കെടുത്താൻ പ്രത്യേക സംഘത്തിന് രൂപം നൽകി. പരിമിതമായ വിഭവങ്ങളും വൈദഗ്ധ്യത്തിന്റെ അഭാവവും ഉണ്ടായിരുന്നിട്ടും സംഘം പദ്ധതി വേഗത്തിൽ പൂർത്തീകരിച്ചു.
പരമ്പരാഗതമായി കുറഞ്ഞത് അഞ്ചു വർഷമെങ്കിലും ആവശ്യമായ പദ്ധതിയാണ് കുറഞ്ഞ മാസം കൊണ്ട് വിജയകരമായി പൂർത്തിയാക്കിയത്.
തീയും പുകയും തുപ്പിയ അവസാനത്തെ എണ്ണക്കിണറും കെടുത്തിയതിനു ശേഷം ആ ദിവസം അടയാളപ്പെടുത്തുന്നതിനായി രാജ്യം ഒരു ചടങ്ങും സംഘടിപ്പിച്ചു. പിന്നീട് ലോക എണ്ണ വിപണിയിൽ കുവൈത്ത് വളരെ വേഗം തങ്ങളുടെ മുൻനിര സ്ഥാനം അടയാളപ്പെടുത്തി. അപ്പോഴും രാജ്യ ചരിത്രത്തിന്റെ ഓർമകളിൽ പഴയ `കറുത്തദിനങ്ങൾ' ഇപ്പോഴും കെടാതെ നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.