വിവിധ നിയമലംഘനങ്ങൾ; കഴിഞ്ഞ വർഷം നാടുകടത്തിയത് 35,000 പ്രവാസികളെ
text_fieldsകുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങൾക്ക് കഴിഞ്ഞ വർഷം കുവൈത്തിൽനിന്ന് നാടുകടത്തിയത് 35,000 പ്രവാസികളെ. താമസ നിയമലംഘകരെ പിടികൂടി നടപടികൾ സ്വീകരിക്കുന്നതിനായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. കഴിഞ്ഞ വർഷം ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകൾ റഫർ ചെയ്ത ഏകദേശം 35,000 പ്രവാസികളുടെ നാടുകടത്തൽ നടപടിക്രമങ്ങൾ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷണൽ ഫെസിലിറ്റിയുമായി അഫിലിയേറ്റ് ചെയ്ത നാടുകടത്തൽ വകുപ്പ് പൂർത്തിയാക്കിയതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. നാടുകടത്തപ്പെട്ടവരിൽ വിവിധ രാജ്യക്കാരും പുരുഷ-വനിത പ്രവാസികളും ഉൾപ്പെടുന്നു.
താമസ കാലാവധി കഴിഞ്ഞവരാണ് നാടുകടത്തപ്പെട്ടവരിൽ ഭൂരിപക്ഷവും. ഇത്തരക്കാർക്ക് ഇനി കുവൈത്തിലേക്ക് മടങ്ങിവരാനാകില്ല. രാജ്യത്ത് ബയോമെട്രിക് സംവിധാനം നടപ്പാക്കിയതിനാൽ കുറ്റവാളികളുടെ പ്രവേശനം എളുപ്പത്തിൽ കണ്ടെത്താനുമാകും.
അതേസമയം, നാടുകടത്തലിനായി കാത്തിരിക്കുന്ന പ്രവാസികളുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും മാനുഷിക പരിഗണനകൾ ഉറപ്പാക്കാനും തടങ്കലിൽ കഴിയുന്നവരോട് ബഹുമാനത്തോടെ പെരുമാറാനും നാടുകടത്തൽ വകുപ്പ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. താമസ നിയമലംഘകർക്കെതിരെ കർശന നടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.