അഞ്ചു വർഷത്തിനിടെ 36,345 വിവാഹമോചനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ചു വർഷത്തിനിടെ 36,345 വിവാഹ മോചനം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 26,576 കുവൈത്തി വനിതകളുടേതാണ്. 2016ൽ 7223 വിവാഹമോചനം നടന്നതിൽ 5259 എണ്ണം കുവൈത്തി വനിതകളാണ്. അതിൽ 4386 കേസുകൾ കുവൈത്തിയായ ഭർത്താവിൽനിന്നും 873 കേസ് വിദേശി ഭർത്താവിൽനിന്നുമാണ് വിവാഹ മോചനം നടത്തിയത്. 2017ൽ 7433, 2018ൽ 7869, 2019ൽ 7888, 2020ൽ 5932 എന്നിങ്ങനെയാണ് കുവൈത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വിവാഹ മോചനം. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്മെൻറാണ് കണക്കുകൾ പുറത്തുവിട്ടത്.
പ്രതിദിനം ശരാശരി 20 വിവാഹ മോചനം എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ശരാശരി കണക്കിൽ 15 എണ്ണം കുവൈത്തി വനിതകളുടേതും അഞ്ചെണ്ണം വിദേശി വനിതകളുടേതുമാണ്. വിദേശി വനിതകളിൽ കുവൈത്തി പുരുഷന്മാർ വിവാഹം ചെയ്തവരും രാജ്യനിവാസികളായ വിദേശികൾ തമ്മിലുള്ള വിവാഹങ്ങളും ഉൾപ്പെടും. കഴിഞ്ഞ വർഷം രാജ്യത്ത് 4661 വിവാഹ മോചനങ്ങൾ സംഭവിച്ചു.
വിവാഹ മോചനം നടത്തിയവരിൽ പകുതിയിലധികം 20നും 34നും ഇടയിൽ പ്രായമുള്ളവരാണ്. 2408 പേരാണ് ഇൗ പ്രായപരിധിയിലുള്ളത്. 3953 വിവാഹ മോചന കേസുകൾ കുവൈത്തികൾ തമ്മിലുള്ളതും 708 എണ്ണം കുവൈത്തികളും വിദേശി ഇണയും തമ്മിലുമാണ്. 760 സ്വദേശികൾ മറ്റൊരു ഭാര്യകൂടി ഉണ്ടായിരിക്കെയാണ് വിവാഹമോചനം നടത്തിയത്. കഴിഞ്ഞ വർഷം ആകെ 11,261 വിവാഹങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇതനുസരിച്ച് 41 ശതമാനത്തിലേറെയാണ് വിവാഹ മോചന നിരക്ക്. 60 ശതമാനത്തോളമെത്തിയിരുന്ന മുൻ വർഷങ്ങളിലേതിനേക്കാൾ കുറവുണ്ടെന്നത് ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.