മർസൂഖ് അൽ ഗാനിമിനെതിരെ 37 എം.പിമാർ യോഗം ചേർന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം 37 എം.പിമാർ യോഗം ചേർന്നു. കുവൈത്ത് പാർലമെൻറ് സ്പീക്കർ സ്ഥാനത്തേക്ക് ബദർ നാസർ അൽ ഹുമൈദിയെ പിന്തുണക്കുമെന്ന് അബ്ദുൽ കരീം കൻദരി എം.പിയുടെ ദിവാനിയയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ശനിയാഴ്ച ജഹ്റയിൽ വീണ്ടും യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച മുഹമ്മദ് അൽ മുതൈർ പിൻവാങ്ങാൻ സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ പാർലമെൻറിലെ സ്പീക്കറും സർക്കാറിെൻറ വിശ്വസ്തനുമായ മർസൂഖ് അൽ ഗാനിം വീണ്ടും വരുന്നത് തടയാനാണ് പ്രതിപക്ഷം പൊതു സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചത്. 50 അംഗ പാർലമെൻറിൽ 37 പേരുടെ പിന്തുണ ഉറപ്പിക്കാനായാൽ ബദർ അൽ ഹുമൈദിക്ക് ജയിച്ചുകയറാം. 50 അംഗ പാർലമെൻറിൽ 24 പേരാണ് പ്രതിപക്ഷം എന്നാണ് കരുതിയിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പാനന്തരം ചേർന്ന യോഗത്തിൽ 37 എം.പിമാർ പെങ്കടുത്തത് സർക്കാർ ഭാഗത്തെ ഞെട്ടിച്ചിട്ടുണ്ട്.
സർക്കാറും പാർലമെൻറും തമ്മിൽ തുറന്ന പോരിന് വരും മാസങ്ങളിൽ സാക്ഷ്യം വഹിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മർസൂഖ് അൽ ഗാനിം പുതിയ സാഹചര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഡിസംബർ 15നാണ് പാർലമെൻറിെൻറ ഉദ്ഘാടന സമ്മേളനം. പാർട്ടി അടിസ്ഥാനത്തിൽ അല്ല കുവൈത്തിൽ തെരഞ്ഞെടുപ്പ് എങ്കിലും സർക്കാറിനെ എതിർക്കുന്ന വ്യക്തികളും സലഫി, ഇഖ്വാൻ ധാരകളെ പിന്തുണക്കുന്നവരെയുമാണ് പൊതുവെ പ്രതിപക്ഷമായി വിലയിരുത്തുന്നത്. കഴിഞ്ഞ തവണ ഇത്തരത്തിൽ 16 പേരാണുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.