45 ലക്ഷം ഇഖാമ ഇടപാട് ഓൺലൈനായി നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇഖാമ പുതുക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ ശേഷം 45 ലക്ഷത്തോളം ഇടപാടുകൾ ഓൺലൈനായി പൂർത്തിയാക്കിയതായി താമസകാര്യ വകുപ്പ് വ്യക്തമാക്കി. ഏറ്റവും ഒടുവിലെ സ്ഥിതി വിവരക്കണക്കനുസരിച്ച് സ്വകാര്യ തൊഴിൽമേഖലയിൽ നിന്നുള്ള 15 ലക്ഷത്തിൽപരം ഇഖാമകളാണ് ഓൺലൈൻ വഴി പുതുക്കിയത്. 48,446 ഗാർഹിക ജോലിക്കാരുടെയും 7,96,623 ആശ്രിതരുടെയും ഇഖാമ ഇടപാടുകൾ ഓൺലൈൻ സംവിധാനത്തിലൂടെയാണ് നടന്നത്. സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന 82,498 വിദേശികളും ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തിയതായി താമസകാര്യ വകുപ്പ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ സജ്ജീകരിച്ച പേജ് വഴിയാണ് ഇ- സർവിസ് നടപ്പാക്കുന്നത്.
ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ സേവനം ലഭ്യമാണ്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇ-സർവിസിൽ രജിസ്റ്റർ ചെയ്യുന്ന കമ്പനികൾക്ക് പ്രത്യേക യൂസർ നെയിമും പാസ് വേഡും അനുവദിക്കും. ഇത് ഉപയോഗിച്ച് ലോഗിൻ ചെയ്‌താൽ താമസകാര്യ ഓഫിസുകളിൽ നേരിട്ട് ചെല്ലാതെ ഓൺലൈൻ വഴി അപേക്ഷ പൂരിപ്പിച്ച് നടപടികൾ പൂർത്തിയാക്കാം. ഗാർഹികത്തൊഴിലാളികളുടെ ഇഖാമ സ്പോൺസർക്ക് ഓൺലൈനായി പുതുക്കാം. ഇടപാടുകളുമായി ബന്ധപ്പെട്ട് സംശയങ്ങൾ തീർക്കാൻ infogdis@moi.gov.kw എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം. ഇഖാമ പുതുക്കൽ ഉൾപ്പെടെ വിവിധ സേവനങ്ങൾ ഓൺലൈനാക്കിയത് കോവിഡ് കാലത്ത് വളരെയധികം പ്രയോജനപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.