സുരക്ഷ സജ്ജീകരണം ഉറപ്പാക്കി നാഷനൽ ഗാർഡ്
text_fieldsകുവൈത്ത് സിറ്റി: ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കുന്ന 45ാമത് ജി.സി.സി ഉച്ചകോടിയെ വരവേൽക്കുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ പുരാഗമിക്കുന്നു. ഉച്ചകോടി തയാറെടുപ്പിനായി കുവൈത്ത് മുനിസിപ്പാലിറ്റി ഫീൽഡ് കൺട്രോൾ പ്ലാൻ വികസിപ്പിച്ചതായി മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് സെന്ദൻ പറഞ്ഞു.
രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും മുനിസിപ്പൽ ക്ലീനിങ് ടീമുകൾ 24 മണിക്കൂറും തീവ്രമായി പ്രവർത്തിക്കുന്നുണ്ട്. 800ഓളം റോഡ് സ്വീപ്പർമാർ പൊതു ചത്വരങ്ങളും മാർക്കറ്റുകളും ബീച്ചുകളും വൃത്തിയാക്കുന്നതിനായും രംഗത്തുണ്ട്. പ്രധാന റോഡുകളും തെരുവുകളും ശരിയായി വൃത്തിയാക്കാൻ സ്ട്രീറ്റ് സ്വീപ്പിങ് ട്രക്കുകളും ഉപയോഗിക്കുന്നുണ്ട്.
ജി.സി.സി ഉച്ചകോടിയെ വരവേൽക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ആർമി ബ്രാസ് ബാൻഡ് 360 മാളിൽ ദേശീയ സംഗീത പരിപാടി സംഘടിപ്പിച്ചു. സംഗീത ഷോ മാളിലെ സന്ദർശകർക്ക് ആവേശവും ആഹ്ലാദവും സൃഷ്ടിക്കുന്നതായി. കഴിഞ്ഞ ദിവസം അവന്യൂസ് മാളിലും സംഗീത ഷോ സംഘടിപ്പിച്ചിരുന്നു.
അതിനിടെ, ഉച്ചകോടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് നാഷനൽ ഗാർഡ് (കെ.എൻ.ജി) അണ്ടർ സെക്രട്ടറി ജനറൽ ഹാഷിം അൽ രിഫായി ബന്ധപ്പെട്ട മേഖലകളിൽ പരിശോധനാ പര്യടനം നടത്തി. ഉച്ചകോടിക്ക് മികച്ച തയാറെടുപ്പും ഉയർന്ന സുരക്ഷയും ഉറപ്പാക്കാൻ ടാസ്ക് ഫോഴ്സ് നടത്തിയ ശ്രമങ്ങൾ അദ്ദേഹം വിലയിരുത്തി. ഉച്ചകോടിയുടെ വിജയവും രാജ്യത്തിന്റെ സംഘടന വൈദഗ്ധ്യവും പ്രഫഷനലിസവും ഉറപ്പാക്കാൻ പരിപാടിയിലുടനീളം സുരക്ഷ, അച്ചടക്ക പ്രോട്ടോകോളുകൾ കർശനമായി പാലിക്കാൻ എല്ലാ സേനകളോടും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.