55ാം വാർഷിക നിറവിൽ കുവൈത്ത് സർവകലാശാല
text_fieldsകുവൈത്ത് സിറ്റി: 55ാം വാർഷികാഘോഷ നിറവിൽ കുവൈത്ത് സർവകലാശാല. നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്ന് യൂനിവേഴ്സിറ്റി സെക്രട്ടറി ജനറൽ ഡോ. മർദി അൽ അയ്യാഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1966 ഒക്ടോബർ എട്ടിനാണ് കുവൈത്ത് സർവകലാശാല സ്ഥാപിതമായത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആഘോഷ പരിപാടികൾ നീട്ടിവെക്കുകയായിരുന്നു. ഒന്നര വർഷത്തിനുശേഷം വിദ്യാർഥികൾ നേരിട്ടുള്ള ക്ലാസിന് എത്തിത്തുടങ്ങിയത് അടുത്തിടെയാണ്. കുവൈത്ത് സർവകലാശാല നിരവധി പ്രതിഭകളെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
1600 അക്കാദമിക ജീവനക്കാരുണ്ട്. അഡ്മിനിസ്ട്രേറ്റിവ് ആൻഡ് സപ്പോർട്ട് ജീവനക്കാർ 5000ത്തിലേറെയാണ്. ശാസ്ത്ര ഗവേഷണ മേഖലയിലും കുവൈത്ത് സർവകലാശാലയുടെ പ്രവർത്തനം മികച്ചതാണ്. സിറ്റിയുടെ സമീപ ഭാഗങ്ങളായ അദലിയ, ശുവൈഖ്, കൈഫാൻ, ഖാലിദിയ, ജാബിരിയ എന്നിവിടങ്ങളിലാണ് സർവകലാശാലക്ക് കീഴിലെ കാമ്പസുകൾ.
40,000 വിദ്യാർഥികളുണ്ട്. കുവൈത്തിെൻറ വികസന സങ്കൽപമായ 'വിഷൻ 2035'ൽ കുവൈത്ത് സർവകലാശാലയുടെ വികസനം പ്രധാനമാണ്. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് കാരണം പരിപാടികൾ നടത്താൻ കഴിയാത്തതിനാൽ ഇൗ വർഷം നിരവധി അന്താരാഷ്ട്ര സെമിനാറുകൾ ഉൾപ്പെടെ പരിപാടികൾ അധികൃതർ പദ്ധതിയിടുന്നു.
കോവിഡാനന്തര വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക, അന്താരാഷ്ട്ര വിദ്യാഭ്യാസ വിദഗ്ധരുമായി വിഡിയോ കോൺഫറൻസ് നടത്തും. കോവിഡ് മഹാമാരി വിദ്യാഭ്യാസ സംവിധാനത്തെ എങ്ങനെ മാറ്റിമറിച്ചുവെന്നും ഒാൺലൈൻ വിദ്യാഭ്യാസത്തിെൻറ സാധ്യതയും പ്രതിസന്ധിയും ചർച്ച ചെയ്യും.
കോവിഡ് കാല അനുഭവങ്ങളുടെ വെളിച്ചത്തിൽ ഭാവി വിദ്യാഭ്യാസ സമ്പ്രദായത്തിെൻറ രൂപം എന്താകണമെന്നും ചർച്ച ചെയ്യും. വിർജിനിയ ടെക് യൂനിവേഴ്സിറ്റി അടക്കം ലോകത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചർച്ച നടത്തും. വ്യത്യസ്ത സ്ഥാപനങ്ങളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും വേറെ ചർച്ചയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.