60 വയസ്സ് പ്രായപരിധി: ജനുവരിയോടെ ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമാവും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്ത ജനുവരിയോടെ ഒരു ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. 60 വയസ്സ് പൂർത്തിയായവരുടെ തൊഴിൽ പെർമിറ്റ് പുതുക്കാൻ മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ നിബന്ധന പ്രാബല്യത്തിൽ വരുന്നതോടെയാണ് ഇത്രയും പേർക്ക് തൊഴിൽ നഷ്ടമാകുക. സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കനുസരിച്ച് 60 വയസ്സ് പൂർത്തിയായ വിദേശികളിൽ 97,612 പേർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റോ അതിൽ താഴെയോ മാത്രം യോഗ്യതയുള്ളവരാണ്.
ഇത്തരക്കാർക്ക് 2021 ജനുവരി ഒന്ന് മുതൽ തൊഴിൽ പെർമിറ്റ് പുതുക്കി നൽകേണ്ടെന്നാണ് മാൻപവർ അതോറിറ്റിയുടെ തീരുമാനം. വർക്ക് പെർമിറ്റ് ലഭിക്കാതെ താമസാനുമതി പുതുക്കാൻ കഴിയില്ല. ഫലത്തിൽ ഇത്രയും പേർക്ക് അടുത്തവർഷം പ്രവാസം മതിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവരും. 60 വയസ്സിന് മുകളിലുള്ള അടിസ്ഥാന വിദ്യാഭ്യാസം മാത്രം നേടിയ നിരവധി മലയാളികൾ കുവൈത്തിലുണ്ട്. റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് ഇവരിൽ അധികപേരും തൊഴിലെടുക്കുന്നത്. ഇഖാമ കാലാവധി അവസാനിക്കാറായ പലരും ഇനി പുതുക്കി ലഭിക്കുമോ എന്ന ആശങ്കയിലാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.