കുവൈത്തിൽനിന്ന് എട്ടുലക്ഷം ഇന്ത്യക്കാർ തിരിച്ചുപോവേണ്ടി വരുമോ? സത്യമിതാണ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് എട്ടുലക്ഷം ഇന്ത്യക്കാർ തിരിച്ചുപോവേണ്ടി വരുമെന്ന വാർത്ത സമീപ ദിവസങ്ങളിൽ പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതിലെ സത്യമെന്താണ്? ജനസംഖ്യാ സന്തുലനം സാധ്യമാക്കുന്നതിനായി ഒാരോാ രാജ്യക്കാർക്കും ക്വാട്ട നിശ്ചയിക്കണമെന്ന കരടുനിയമമാണ് വാർത്തക്ക് അടിസ്ഥാനം. ഇൗ ചർച്ച തുടങ്ങിയിട്ട് വർഷങ്ങളായി.
കുവൈത്ത് പാർലമെൻറിലും സമൂഹത്തിലും ഏറെക്കാലമായി എതിർത്തും അനുകൂലിച്ചും വാദങ്ങളുണ്ട്. ചിലർ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയും ചിലർ മാനുഷിക വശം പരിഗണിച്ചും മറ്റു ചിലർ ഭരണഘടനക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് എതിർത്തത്. ഇൗ വാദം പരിഗണിച്ച കുവൈത്ത് പാർലമെൻറിലെ ലീഗൽ ആൻഡ് ലെജിസ്ലേറ്റീവ് കമ്മിറ്റി വിഷയം പഠിക്കുകയും ക്വാട്ട നിശ്ചയിക്കുന്നത് ഭരണഘടനക്ക് എതിരല്ലെന്ന് വ്യക്തമാക്കുകയും ചെയ്തതാണ് പുതിയ സംഭവ വികാസം.
ഇൗ സമിതി തന്നെ കൂടുതൽ പഠനത്തിനായി മറ്റൊരു സമിതിക്ക് ശിപാർശ നൽകിയിട്ടുമുണ്ട്. നിയമം നടപ്പാവണമെങ്കിൽ ഇനിയും ഒേട്ടറെ കടമ്പകളുണ്ട്. പാർലമെൻറിൽ പാസാവുകയും മന്ത്രിസഭ അംഗീകരിക്കുകയും വേണം. പ്രായോഗിക വശങ്ങൾ കൂടി പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനമെടുക്കുക. രാജ്യങ്ങൾക്ക് ക്വാട്ട നിശ്ചയിക്കുന്നത് അനുയോജ്യമാവില്ലെന്ന് കഴിഞ്ഞ ദിവസം കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം വ്യക്തമാക്കിയത് ശ്രദ്ധേയമാണ്.
റിയൽ എസ്റ്റേറ്റ് യൂനിയനും റിക്രൂട്ട്മെൻറ് ഏജൻസികളും ക്വാട്ട നിശ്ചയിക്കുന്നതിന് എതിരായി ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇനി നിർദേശപ്രകാരം ക്വാട്ട നടപ്പാക്കിയാൽ തന്നെ എട്ടുലക്ഷം ഇന്ത്യക്കാർ തിരിച്ചുപോവേണ്ടി വരില്ല. ഇന്ത്യക്കാർക്ക് നിശ്ചയിച്ച ക്വാട്ട മൊത്തം ജനസംഖ്യയുടെ 15 ശതമാനമാണ്. 43 ലക്ഷമാണ് കുവൈത്ത് ജനസംഖ്യ. അതുപ്രകാരം ആറര ലക്ഷം ഇന്ത്യക്കാർക്ക് കുവൈത്തിൽ നിൽക്കാം.
അധികൃതർ ഒടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് പത്തരലക്ഷമാണ് കുവൈത്തിലെ ഇന്ത്യക്കാർ. ഗാര്‍ഹിക തൊഴില്‍ മേഖലകളില്‍ ഇന്ത്യന്‍ വംശജരാണ് കൂടുതല്‍. 327000 ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികൾ രാജ്യത്തുണ്ട്. പൊതുവെ കുവൈത്തിൽ ഗാർഹികത്തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. വിദേശി ജനസംഖ്യ കുറക്കണമെന്ന് തത്വത്തിൽ ധാരണയായതാണ്. അതിനായുള്ള ചില നടപടികൾ വരുംനാളുകളിൽ പ്രതീക്ഷിക്കാം. അവിദഗ്ധ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ട ഭീഷണിയുള്ളത്.
വിസക്കച്ചവടം നിയന്ത്രിക്കാനുള്ള ശക്തമായ നടപടികൾ ഉറപ്പാണ്. സർക്കാർ മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കുകയും ചെയ്യും. അതിനപ്പുറം കൂട്ടപിരിച്ചുവിടൽ ഭീഷണി തൽക്കാലം ഇല്ല. ചില തസ്തികകളിൽ യോഗ്യരായ സ്വദേശികളെ ലഭിക്കാത്തതും സ്വദേശിവത്കരണത്തിലെ പ്രധാന തടസ്സമാണ്. ഇന്ത്യൻ തൊഴിലാളികളെ സംബന്ധിച്ച് കുവൈത്ത് സമൂഹത്തിൽ പൊതുവിൽ തൃപ്തിയാണുള്ളത്. താരതമ്യേന കുറഞ്ഞ വേതനത്തിൽ ലഭിക്കുന്ന ഗുണമേന്മയുള്ള തൊഴിൽ സമൂഹമാണ് ഇന്ത്യക്കാർ.
നഴ്സിങ്, എൻജിനീയറിങ് തുടങ്ങി പല മേഖലകളിലും അവർക്ക് പകരം വെക്കാൻ ആളില്ല. കോവിഡ് കാലത്ത് ഇന്ത്യൻ നഴ്സുമാരുടെ മിടുക്ക് കുവൈത്ത് അധികൃതർക്ക് ബോധ്യമായതാണ്. ക്വാട്ട നടപ്പാക്കുകയാണെങ്കിൽ തന്നെ ഇന്ത്യക്കാർക്ക് നിശ്ചയിച്ച 15 ശതമാനം എന്ന തോത് വർധിപ്പിച്ചേക്കും. നവംബറിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിൽ എം.പിമാർ സ്വദേശികൾക്ക് അനുകൂലമായി വിദേശി വിരുദ്ധ നീക്കങ്ങളുമായി വരുന്നത് സ്വാഭാവികമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതങ്ങനെ തീരാറാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.