900 സ്കൂളുകളിൽ അണുനശീകരണം നടത്തും
text_fieldsകുവൈത്ത് സിറ്റി: നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്തെ 900 വിദ്യാലയങ്ങളിൽ ആരോഗ്യമന്ത്രാലയവും വിദ്യാഭ്യാസമന്ത്രാലയവും ചേർന്ന് അണുനശീകരണം നടത്തും. സ്കൂളുകളുടെ പട്ടിക വിദ്യാഭ്യാസമന്ത്രാലയം ആരോഗ്യമന്ത്രാലയത്തിന് കൈമാറിക്കഴിഞ്ഞു. അറ്റകുറ്റപ്പണികൾ ഏതാണ്ട് കഴിഞ്ഞിട്ടുണ്ട്. ഒക്ടോബർ മൂന്നു മുതൽ വിദ്യാർഥികൾ സ്കൂളുകളിലെത്തി നേരിട്ടുള്ള അധ്യയനം നടത്തും. ഹൈസ്കൂൾതലത്തിലെ അധ്യാപകരും അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരും സെപ്റ്റംബർ 19നും മറ്റു തലങ്ങളിലെ അധ്യാപകരും ജീവനക്കാരും സെപ്റ്റംബർ 26നും സ്കൂളിലെത്തും. എല്ലാ തലത്തിലെയും വിദ്യാർഥികൾ ഒക്ടോബർ മൂന്ന് മുതലാണ് സ്കൂളിലെത്തുക.
ഒരുക്കങ്ങൾക്കായാണ് അധ്യാപകരെയും ജീവനക്കാരെയും നേരത്തെ വരാൻ അനുവദിക്കുന്നത്. വിദ്യാർഥികളെ രണ്ട് ഗ്രൂപ്പുകളാക്കുകയും ഒാരോ ഗ്രൂപ്പും ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളിലെത്തുകയും ചെയ്യുന്ന രീതിയാണ് ആദ്യഘട്ടത്തിൽ അവലംബിക്കുക.
12 വയസ്സിന് മുകളിലുള്ള വിദ്യാർഥികളും ജീവനക്കാരും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെങ്കിൽ ആഴ്ചയിലൊരിക്കൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തരാണെന്ന് തെളിയിക്കേണ്ടി വരുമെന്നും നിബന്ധന വെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.