അറബ്-മുസ്ലിം ലോകത്തിന് വലിയ നഷ്ടം -എം.പിമാർ
text_fieldsകുവൈത്ത് സിറ്റി: അന്തരിച്ച അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് രാജ്യത്തെ എം.പിമാർ ആദരാഞ്ജലികൾ അർപ്പിച്ചു. അറബികളിലും മുസ്ലിം ലോകത്തിനും നഷ്ടബോധം സൃഷ്ടിക്കുന്ന ഒരു എളിയ മനുഷ്യനെയാണ് നഷ്ടപ്പെട്ടതെന്ന് അവർ വിശേഷിപ്പിച്ചു. പുതിയ അമീറായി പ്രഖ്യാപിച്ച ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനോട് വിശ്വസ്തത പുലർത്തുമെന്നും എം.പിമാർ വ്യക്തമാക്കി.
അമീർ ശൈഖ് നവാഫിന്റെ നിര്യാണത്തിൽ ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൻ അഗാധമായ അനുശോചനം രേഖപ്പെടുത്തി. അന്തരിച്ച അമീറിന്റെ നേതൃത്വത്തിന്റെ ചരിത്രപരമായ നിലപാടുകൾ അനുസ്മരിച്ചു. ശൈഖ് നവാഫിന്റെ ഭരണകാലത്ത് രാജ്യം വലിയ രാഷ്ട്രീയ, നിയമ പരിഷ്കാരങ്ങൾക്ക് സാക്ഷ്യം വഹിച്ചതായും പുരോഗതിയും സ്ഥിരതയും കൈവരിച്ചതായും സൂചിപ്പിച്ചു. പുതിയ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് സ്വന്തം പേരിലും നിയമ നിർമാതാക്കൾക്കുവേണ്ടിയും സാദൂൻ അനുശോചന കത്ത് അയച്ചു. അമീർ ശൈഖ് നവാഫിന്റെ വേർപാട് അറബികൾക്കും മുസ്ലിംകൾക്കും വലിയ നഷ്ടമാണെന്ന് എം.പി മർസൂഖ് അൽ ഗാനിം പറഞ്ഞു.
കിരീടാവകാശിയായിരിക്കുമ്പോഴും പിന്നീട് അമീർ ആയപ്പോഴും അദ്ദേഹത്തെ അസംബ്ലി സ്പീക്കറായിരുന്ന താൻ പലതവണ കണ്ടിട്ടുണ്ട്. ശൈഖ് നവാഫ് അങ്ങേയറ്റം വിനയാന്വിതനായിരുന്നു എന്നും എം.പി മർസൂഖ് അൽ ഗാനിം കൂട്ടിച്ചേർത്തു.
ശൈഖ് നവാഫിന്റെ വിയോഗത്തിൽ ശൈഖ് മിശ്അലിനോടും കുവൈത്ത് ജനതയോടും അറബ്, മുസ്ലിം ജനതയോടും എം.പി മുഹമ്മദ് അൽ ഹുവൈല അനുശോചനം അറിയിച്ചു. കുവൈത്ത് ജനതയെയും അറബികളെയും മുസ്ലിംകളെയും അദ്ദേഹം ഒരുപോലെ സേവിച്ചു. മികച്ച നേതാവെന്ന നിലയിൽ കുവൈത്ത് ജനത ശൈഖ് നവാഫിനെ ദീർഘകാലം ഓർക്കുമെന്നും ഹുവൈല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.