മാലാഖയെപ്പോലെ ഒരു മകൾ
text_fieldsസവിശേഷമായി തോന്നിയ കോവിഡ് കാല നന്മയെ കുറിച്ച് ഗൾഫ് മാധ്യമത്തിൽ എഴുതാം. കൂടുതൽ വിവരങ്ങൾക്ക് kuwait@gulfmadhyamam.net എന്ന മെയിലിലും 97957790 എന്ന വാട്ട്സ്ആപ് നമ്പറിലും ബന്ധപ്പെടാം
കോവിഡ് കാലം ചരിത്രത്തിന്റെ ഭാഗമാവുമ്പോള്‍ എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകർക്കാവും ഏറ്റവും കൂടുതല്‍ ഓര്‍മക്കുറിപ്പുകള്‍ ഉണ്ടാകുക. അവരാരും അത് പറഞ്ഞു നടക്കാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ല. ഓരോ ആരോഗ്യപ്രവർത്തകനും മറക്കാനാകാത്ത എന്തെങ്കിലും ഒരു കാര്യം ഓർമയിൽ തങ്ങിനിൽക്കുന്നുണ്ടാകും. ഒരോർമ പറയാം. കോവിഡിന്റെ തുടക്കകാലം. പി.പി.ഇ കിറ്റിന് ക്ഷാമമുണ്ട്. ആ സമയം ഇന്ത്യയിലും കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയിരുന്നു. രാവിലെയുള്ള ഡ്യൂട്ടിക്കിടയിൽ ക്ലിനിക്കിലേക്ക് ഒരു സൂപ്പർവൈസറിന്റെ ഫോൺ വരുന്നു. സൈറ്റിലേക്ക് വളരെ അത്യാവശ്യമായി ഒന്നു വരണം. ഒരു ജോലിക്കാരന് തീരെ സുഖമില്ല. കോവിഡിന്റെ തുടക്കസമയമാണല്ലോ. എല്ലാവർക്കും വല്ലാത്ത പരിഭ്രാന്തി. അടുത്തേക്കു പോകാനോ അദ്ദേഹത്തെ ഒന്ന് വിശ്രമമുറിയിൽ ഇരുത്താനോ ആളുകൾക്ക് മടി.
പി.പി.ഇ കിറ്റുകളും ധരിച്ച് ആംബുലൻസിൽ രോഗിയുടെ അടുത്ത് എത്തിയപ്പോൾ കാണാൻ കഴിഞ്ഞത് വളരെ അവശനായി വിശ്രമമുറിയിൽ ഇരിക്കുന്ന ഉത്തരേന്ത്യക്കാരനെയാണ്. ചെറിയ പനി ഉണ്ടായിരുന്നു. വല്ലാത്ത ഒരു ഭയം അദ്ദേഹത്തെ വേട്ടയാടിയിരുന്നു. എനിക്ക് കൊറോണ ആണോ? ഞാൻ മരിക്കുമോ എന്നിങ്ങനെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. ആംബുലൻസിൽവെച്ച് അദ്ദേഹം എന്റെ കൈയിൽ പിടിച്ചു പറഞ്ഞു: ''സർ, എന്റെ ഭാര്യ ഗർഭിണിയാണ്. അവൾക്ക് ഇതാണ് മാസം പറഞ്ഞിരിക്കുന്നത്. എനിക്ക് കുഞ്ഞിനെ കാണാൻ സാധിക്കുമോ? കൊറോണ വന്ന് ഞാൻ മരിക്കുമോ?'' അടുത്ത ദിവസം രാവിലെ അദ്ദേഹം എന്നെ കാണാൻ ക്ലിനിക്കിലേക്ക് വന്നു. കോവിഡ് നെഗറ്റിവ്. അതിനുശേഷം അദ്ദേഹം പറഞ്ഞു:
'സാബ്, ഭാര്യ പ്രസവിച്ചു. പെൺകുഞ്ഞ്. ഇന്നലെ ഞാൻ വിഡിയോ കാളിലൂടെ കുട്ടിയെ കണ്ടു'. 'മാലാഖയെപ്പോലെ പറന്നെത്തിയവരെ' പറ്റി എഴുതാനുള്ള ഈ കോളത്തിൽ ഞാൻ ഈ കുഞ്ഞിനെ പരിചയപ്പെടുത്തുകയാണ്. കോവിഡ് കാലം ജനങ്ങളെ എത്രമാത്രം പരിഭ്രാന്തരാക്കിയിരുന്നു എന്ന് മനസ്സിലാക്കാൻ ഈ ചെറിയ സംഭവം മതി. ഒരു സാധാരണ പനിപോലും ആളുകളെ പേടിപ്പിച്ചു. തൊഴിൽനഷ്ടം, കുടുംബത്തിന്റെ അവസ്ഥ തുടങ്ങി പല കാര്യങ്ങളും ആളുകളെ ആശങ്കയിലാക്കിയിരുന്നു. ആശ്വാസത്തിന്റെ ഒരു വാക്കിന് വലിയ വിലയുണ്ടായിരുന്ന നാളുകളാണ് കടന്നുപോയത്. പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും കരുത്തിലാണ് നാം അതിജീവിച്ചത്.
(കെ.ഒ.സി ആശുപത്രിയിൽ സഴ്സ് ആണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.