അധ്യാപകരുടെ ഇഖാമ പുതുക്കാൻ വികേന്ദ്രീകൃത സംവിധാനം നിലവിൽവന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശ അധ്യാപകരുടെ ഇഖാമകൾ പുതുക്കുന്നതിന് സൗകര്യമൊരുക്കുന്ന വികേന്ദ്രീകൃത സംവിധാനം നിലവിൽവന്നു.
അധ്യാപകരുടെ ഇഖാമ പുതുക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച് പരിശീലനം നൽകിയിട്ടുണ്ട്. വിദേശ അധ്യാപകരുടെ ഇഖാമ പുതുക്കൽ നടപടിക്രമങ്ങൾക്ക് കാലതാമസം നേരിടാതിരിക്കാൻ പുതിയ ക്രമീകരണം സഹായിക്കും.
അധ്യാപകരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച കാര്യങ്ങൾ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങൾ ഏകോപനത്തോടെ പൂർത്തിയാക്കും. നിലവിലെ ഒരുവർഷ കാലാവധിയുള്ള ഇഖാമ രണ്ടുവർഷമാക്കാനും ഏകദേശ ധാരണയായിട്ടുണ്ട്. ഗതാഗത നിയമ ലംഘനത്തിന് ഉൾപ്പെടെ പിഴ അടക്കാനുള്ളവരുടെ ഇഖാമ പുതുക്കാൻ കഴിയില്ല. ഇഖാമ കാലാവധി കഴിയുന്നതിന് മൂന്നുമാസം മുമ്പ് വരെ പുതുക്കാൻ കഴിയും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ https://moe.edu.kw വെബ്സൈറ്റ് വഴിയാണ് അപ്പോയ്ൻമെന്റ് എടുക്കേണ്ടത്.
ബന്ധപ്പെട്ട വ്യക്തി ആവശ്യമായ രേഖകൾ സഹിതം അപ്പോയ്ൻമെന്റ് ലഭിച്ച തീയതിയിൽ നേരിട്ട് ഹാജരാകണം. സ്കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ അസിസ്റ്റന്റ് പ്രിൻസിപ്പൽ അംഗീകരിക്കുകയും സ്കൂളിന്റെ സ്റ്റാമ്പ് പതിക്കുകയും ചെയ്ത അപേക്ഷ ഫോം, ഒറിജിനൽ സിവിൽ ഐഡിയും പാസ്പോർട്ടും ഇവയുടെ പകർപ്പും തുടങ്ങിയ രേഖകളാണ് ഹാജരാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.