കക്ക പെറുക്കിയാൽ 250 ദീനാർ പിഴ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കടൽതീരത്തുനിന്ന് കക്ക പെറുക്കിയാൽ 250 ദീനാർ പിഴയീടാക്കാൻ പരിസ്ഥിതി നിയമത്തിൽ വകുപ്പുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകി. അൻജഫ, അൽ ബിദ്ദ, ഫിൻതാസ്, അൽ ജോൻ, ഇഷ്രിഫ് ഭാഗത്ത് തീരത്തുനിന്ന് കക്ക പെറുക്കുന്ന സംഘങ്ങൾക്കാണ് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയത്. കക്കകൾക്കും ചെറുജീവികൾക്കും കടൽ പരിസ്ഥിതിയുടെ നിലനിൽപിൽ വലിയ പങ്ക് വഹിക്കാനുണ്ട്.
സ്ഥിരമായി കൂട്ടത്തോടെ ഇത്തരം ജീവികളെ പിടിച്ച് റസ്റ്റാറൻറുകളിൽ വിൽപന നടത്തുന്ന സംഘം സജീവമാണ്.
വൈകുന്നേരങ്ങളിലാണ് ഇവരുടെ പ്രവർത്തനം. പരിസ്ഥിതി സംരക്ഷണ നിയമത്തിെൻറ നൂറാം വകുപ്പ് പ്രകാരം കുറ്റകരമായ കാര്യമാണ് ഇവർ ചെയ്യുന്നതെന്ന് പബ്ലിക് റിലേഷൻ ആൻഡ് എൻവയേൺമെൻറൽ മീഡിയ ഡയറക്ടർ ശൈഖ അൽ ഇബ്റാഹിം പറഞ്ഞു.
അംഗീകൃത മത്സ്യബന്ധനം ഒഴികെ കടൽ ജീവികളെ പിടിക്കുന്നതും കൊല്ലുന്നതും ശേഖരിക്കുന്നതും കുറ്റകൃത്യമാണെന്ന് 250 ദീനാർ പിഴ ചുമത്താൻ നിയമവ്യവസ്ഥയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഭക്ഷണത്തിനും വാണിജ്യാവശ്യത്തിനും വൻതോതിൽ കക്ക ശേഖരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പരിസ്ഥിതി പ്രവർത്തകൻ ഡോ. ഫാനിസ് അൽ അജ്മി പറഞ്ഞു.
കുവൈത്ത് തീരത്ത് കക്ക സാന്നിധ്യം കുറഞ്ഞുവരികയാണെന്ന് പരിസ്ഥിതി വിദഗ്ധൻ ഡോ. മുഹമ്മദ് അൽ സായിഗ് പറഞ്ഞു. ലോകത്ത് 50,000ത്തിലേറെ ഒച്ച് ഇനങ്ങളുണ്ട്. ഇതിൽ കുറേ കുവൈത്തിെൻറ സമുദ്രപരിധിയിലും ഉണ്ട്.
ഇവയെ ഭക്ഷണത്തിനായോ വിനോദത്തിനായോ പിടിച്ചുകൂട്ടുന്നവർക്ക് പരിസ്ഥിതി സന്തുലനത്തിൽ ഇവയുടെ പങ്ക് എന്താണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.