ആർമിയുടെ മുബാറക്കിയ ക്യാമ്പിലെ വെയർഹൗസിൽ തീപിടിത്തം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആർമിയുടെ മുബാറക്കിയ ക്യാമ്പിലെ വെയർഹൗസിൽ വൻ തീപിടിത്തം. ഞായറാഴ്ച ഉച്ചയോടെയാണ് ക്യാമ്പുകളിലെ ലോക്കൽ സപ്ലൈ അഡ്മിനിസ്ട്രേഷന്റെ ഭാഗമായ ഫർണിച്ചറും സ്റ്റേഷനറി സാധനങ്ങളും അടങ്ങിയ ഗോഡൗണിൽ തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിന് പിറകെ പ്രദേശത്ത് ഉയർന്നുപൊങ്ങിയ പുക സുരക്ഷയെയും അഗ്നിശമന പരിപാലനത്തെയും കുറിച്ച് ആശങ്ക ഉയർത്തി.
ഉടൻ സ്ഥലത്തെത്തിയ ആർമി ഫയർ ഡിപ്പാർട്ട്മെന്റിന്റെ അഗ്നിശമന സേന തീയണക്കുന്നതിനും നാശനഷ്ടങ്ങൾ കുറക്കാനും ശ്രമങ്ങൾ ആരംഭിച്ചതായി ആർമി ചീഫ് ഓഫ് സ്റ്റാഫ് റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്സിൽ നിന്നുള്ള അധിക ടീമുകളും സ്ഥലത്തെത്തി.
മണിക്കൂറുകൾക്കു ശേഷമാണ് അഗ്നിശമന സേനാംഗങ്ങൾക്ക് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. തീ ആളിപ്പടരാതെ നിയന്ത്രണ വിധേയമാക്കിയതായി വൈകീട്ട് അഞ്ചോടെ ജനറൽ ഫയർഫോഴ്സ് അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും വ്യക്തമാക്കി.
ജനറൽ ഫയർഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ മുഹമ്മദ് അൽ റൗമി, ആന്റി നാർക്കോട്ടിക് വിഭാഗം വൈസ് പ്രസിഡന്റ് ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹൈഫ് ഹമൂദ് എന്നിവർ സ്ഥലത്തെത്തി. തീപിടിത്തത്തിലെ നാശനഷ്ടങ്ങൾ സംബന്ധിച്ചും മറ്റും വിലയിരുത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.