കേരള ശാസ്ത്ര കോണ്‍ഗ്രസിൽ കുവൈത്തിൽ നിന്നൊരു ‘ശാസ്ത്രജ്ഞ’
text_fieldsകുവൈത്ത് സിറ്റി: കാസര്‍കോട് നടക്കുന്ന 36ാമത് കേരള ശാസ്ത്രകോണ്‍ഗ്രസിൽ തിളങ്ങി കുവൈത്തിൽ നിന്നുള്ള മലയാളി വിദ്യാർഥിനി. അമ്മാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയും തളിപ്പറമ്പ് സ്വദേശിയുമായ റീമ ജാഫറാണ് തന്റെ ഗവേഷണ മികവ് ശാസ്ത്രകോൺഗ്രസിൽ പങ്കുവെച്ചത്.
പ്രതിരോധമരുന്നായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളെ ബാക്ടീരിയകൾക്ക് പ്രതിരോധിക്കാനാകുമോ, അത്തരം ബാക്ടീരിയകളുടെ സാന്നിധ്യം എന്നിവയെ കുറിച്ചുള്ള പഠന ഗവേഷണമാണ് റീമ ജാഫർ അവതരിപ്പിച്ചത്. വിദ്യാർഥികളുടെ സെഷനിൽ പ്രബന്ധാവതരണത്തിന് എത്തിയ റീമ ജാഫറിന്റെ വ്യത്യസ്തവും ഗൗരവവുമായ വിഷയം മുതിർന്ന ശാസ്ത്രജ്ഞരുടെ സെഷനിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. ഈ സെഷനിലാണ് റീമ തന്റെ അന്വേഷണങ്ങളുടെ ചെപ്പ് തുറന്നത്.
കാസർകോട് ഗവ.കോളജില്‍ ഒരുക്കിയ കേരള ശാസ്ത്രകോണ്‍ഗ്രസ് ഈ രംഗത്തെ പ്രതിഭകളുടെ സംഗമകേന്ദ്രമാണ്. 2022ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് പ്രഫ. മോര്‍ട്ടന്‍ മെല്ഡന്റെ സാന്നിധ്യം, അനുസ്മരണ പ്രഭാഷണങ്ങള്‍, പ്രബന്ധ, പോസ്റ്റര്‍ അവതരണങ്ങൾ എന്നിവയാൽ ശാസ്ത്ര ലോകത്തിന്റെ കൊച്ചുപതിപ്പായി പരിപാടി.
കുട്ടിശാസ്ത്രജ്ഞരുടെ പ്രബന്ധാവതരണങ്ങളും ബിരുദാനന്തരബിരുദ വിദ്യാർഥികളുമായുള്ള സംവാദ പരിപാടിയും മികവുപുലർത്തി. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ സാന്നിധ്യവും ശ്രദ്ധേയമായി.
കഴിഞ്ഞ വർഷം ഗുജറാത്തിലെ അഹ്മദാബാദിൽ നടന്ന കുട്ടികളുടെ ദേശീയ ശാസ്ത്രകോൺഗ്രസിലും റീമ ജാഫർ പങ്കെടുത്ത് ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിരുന്നു. സ്കൂൾ തലങ്ങളിൽ വിവിധ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും റീമ ജാഫർ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.