ഒരു പാട്ടും ഒരുപാട് ഓർമകളും
text_fieldsകടൽ കടന്ന് വിദേശങ്ങളിൽ എത്തിപ്പെട്ടുവെങ്കിലും മലയാളികളുടെ ജീവശ്വാസത്തിൽ അലിഞ്ഞുചേർന്ന ആഘോഷമാണ് ഓണം. നാം വളരെ ഹൃദയംഗമമായി ആഘോഷിക്കാനിഷ്ടപ്പെടുന്ന ഓണം. കുട്ടിക്കാലത്തെ ഓണാഘോഷങ്ങൾക്ക് മധുരമേറെയാണ്. തിരിച്ചറിവാകുന്ന മുതൽക്കേ ചിങ്ങമാസം പിറന്നാൽ കേൾക്കുന്ന കാര്യങ്ങളെല്ലാം ഓണത്തെപ്പറ്റിയാകും.
ഓണപ്പാട്ട്, ഓണപ്പൂക്കളം, ഓണസദ്യ, ഓണക്കോടി, ഓണത്തപ്പൻ, ഓണത്തുമ്പി, ഓണവില്ല്, ഓണത്തല്ല്, ഓണപ്പൂവ്, പുലികളി, പൂവിളി, ചുണ്ടന്റെയും പള്ളിയോടങ്ങളുടെയും ജലഘോഷയാത്രകൾ, വള്ളംകളി എന്നിങ്ങനെ എല്ലാമെല്ലാം പ്രായത്തിന്റെ മാനസിക വളർച്ചക്കൊപ്പം അവർ മനസ്സിലാക്കുന്നു. അതുകൊണ്ട് അമ്മയുടെ മാറോടു ചേർത്ത് അമ്മ ഓണപ്പാട്ടുകൾ പാടുമ്പോൾ മുലപ്പാലിനൊപ്പം കുഞ്ഞ് അത് ഗ്രഹിക്കുന്നു.
ഇങ്ങനെ ഉണ്ടാകുന്ന മാനസികനില അവനോ അവളോ ഭൂമിയുടെ ഏതു ഭാഗത്ത് പോയാലും മറക്കില്ല. ഒരുപക്ഷേ നമ്മുടെ നാട്ടിലിതെല്ലാം കൂടുതലും ടെലിവിഷൻ ചാനലുകളിലാണ് കാണുന്നതെങ്കിലും പ്രവാസികളുടെ സ്മൃതിയിൽ ഇതെല്ലാം പൂർവാധികം ശക്തിയായി ഉണ്ടാകും. ചുട്ടയിൽ ശീലിക്കുന്നത് മറക്കില്ലല്ലോ? പ്രത്യേകിച്ച് ബന്ധുജനങ്ങൾ അടുത്തില്ലാത്ത പ്രവാസികൾക്ക്, ഈ ഓർമകളും ആചാരങ്ങളും വളരെ ആശ്വാസമായിരിക്കും. അത് അവർ വളരെ ഉത്സാഹത്തോടെ ആഘോഷിക്കും. പ്രത്യേകിച്ച് ഒരു പ്രകൃത്യുത്സവം കൂടിയാണല്ലോ ഇത്. ഭൂമി പുഷ്പങ്ങൾകൊണ്ട് അലംകൃതയാകും. തൊടികൾ നിറയെ പൂത്തുമ്പികൾ, കാതിൽ കിന്നാരം ചൊല്ലി മെല്ലെ വീശുന്ന കുളിർകാറ്റ്, അത്തം മുതൽ പത്തു ദിവസം മുറ്റത്ത് നിറയുന്ന പൂക്കളം ഇതെല്ലാം ഓണക്കാലത്തിന്റെ ചിത്രങ്ങളാണ്. കാർഷിക ഉൽപന്നങ്ങൾ വീട്ടിൽ വന്ന് നിറയുന്ന വേളകൂടിയായിരുന്നു പഴയ ഓണക്കാലം.
പാരിസ്ഥിതികമായ മാറ്റങ്ങൾകൊണ്ട് ഇതിനെല്ലാം ഗ്ലാനി സംഭവിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും മുഴുവൻ നശിച്ചിട്ടില്ല. പറഞ്ഞുവന്നത് നാട്ടിലുള്ളവരേക്കാളും ഭംഗിയായി പ്രവാസികൾ ഓർക്കും, ആഘോഷിക്കുമെന്നാണ്. ഇതെഴുതുമ്പോൾ മനസ്സിലെവിടെയോ തങ്ങിനില്ക്കുന്ന ആ വരികൾ ഓർമ വരുന്നു.
' ഓണപൂവേ പൂവേ പൂവേ...
ഓമൽ പൂവേ പൂവേ പൂവേ...
നീ തേടും മനോഹര തീരം...'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.