പ്രവാസത്തിന്റെ കാൽ നൂറ്റാണ്ട്...
text_fieldsപ്രവാസം അനുഭവങ്ങളുടെ മഹാ കടലാണ്. വിരഹത്തിന്റെ, നാട്ടോർമകളുടെ സങ്കടക്കടലിൽ തുഴഞ്ഞാകും ഓരോ പ്രവാസിയും അവരുടെ ദിനങ്ങൾ കഴിച്ചുകൂട്ടുന്നത്. ദൂരെ ഒരിടത്ത് കാത്തിരിക്കുന്ന പ്രിയപ്പെട്ടവരിലേക്ക് എന്നെങ്കിലും ഒരിക്കൽ മടങ്ങിപ്പോകാനാകും എന്ന പ്രതീക്ഷയിൽ കഴിയുന്നവർ. വർഷങ്ങൾ കൊഴിഞ്ഞുതീരുന്നത് പെട്ടെന്നാകും. അതിനൊപ്പം ആയുസ്സും തീരും. കഴിഞ്ഞ നാലു പതിറ്റാണ്ട്, കുവൈത്തിന്റെ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച വർഷങ്ങളാണ്. ആ വർഷങ്ങളിൽ കുവൈത്തിൽ പ്രവാസ ജീവിതം നയിച്ചവർക്കും പറയാൻ ഒത്തിരി കാര്യങ്ങളുണ്ടാകും
1998 ജൂലൈ മൂന്നിന് രാവിലെ എട്ടു മണിക്ക് കുവൈത്ത് എയർവേസിലാണ് കുവൈത്തിൽ വന്നിറങ്ങുന്നത്. ബ്രിട്ടീഷ് ലിങ്ക് കുവൈത്ത് എന്ന കമ്പനിയിൽ അലൂമിനിയം വിഭാഗത്തിൽ ഡ്രാഫ്റ്റ്സ്മാനായാണ് എത്തിയത്.
കുവൈത്തിൽ അതിചൂടിന്റെ മാസമായിരുന്നു അത്. നാട്ടിലെ ഇടവപ്പാതി മഴയുടെ കുളിർമയിൽനിന്നു വന്ന എനിക്ക് കാലാവസഥ അസഹ്യമായിരുന്നു. പറഞ്ഞുകേട്ട മരുഭൂമിയുടെ ചൂട് അനുഭവിച്ചറിഞ്ഞ നാൾ.
കുവൈത്തിലെ മിനി കേരളമായ അബ്ബാസിയയിലായിരുന്നു താമസം. ജോലി ചെയ്തിരുന്ന കമ്പനി ഷുവൈക്കിലും. പൊതുയാത്ര സംവിധാനം കെ.പി.ടി.സിയുടെ ബസുകൾ മാത്രം. ഭൂരിഭാഗം ബസുകളും നോൺ എ.സി ആയിരുന്നെങ്കിലും അബ്ബാസിയയിൽനിന്ന് ഷുവൈക്കിലേക്ക് എ.സി ബസ് ഉണ്ടായിരുന്നു. എ.സി ചാർജ് 250 ഫിൽസ്. നോൺ എ.സിക്ക് 150 ഫിൽസും. ചൂടിൽ വിയർത്തും എ.സി തണുപ്പിൽ കുളിരാർന്നും യാത്ര തുടർന്നു.
രാസായുധ പേടിയിൽ കഴിഞ്ഞ കാലം
ജൈവായുധങ്ങളുണ്ടെന്ന ആരോപണത്തെ തുടർന്ന് സംഖ്യകക്ഷികൾ ഇറാഖിനെതിരെ ആക്രമണമാരംഭിച്ച സമയം . ഇത് കുവൈത്തിലും ഭീതി പരത്തി. യുദ്ധം ആരംഭിച്ചതോടെ ഇറാഖ് കുവൈത്തിനെതിരെ രാസായുധങ്ങൾ പ്രയോഗിക്കുമെന്ന കിംവദന്തികൾ വലിയ രീതിയിൽ പ്രചരിച്ചു.
രാസായുധത്തെ പ്രതിരോധിക്കുന്നതിന് മാസ്കുകൾ കടകളിൽ എത്തി. ജനലുകളിൽ പ്രകാശം കടക്കാത്ത കറുത്ത പേപ്പറുകൾ പതിപ്പിക്കുകയും എല്ലാ ഫ്ലാറ്റുകളിലും ഒരു മുറി വായു കടക്കാത്തവിധം ബന്തവസ്സാക്കാനും രാത്രി ഒമ്പതു മണിക്കുശേഷം ലൈറ്റുകൾ ഓഫാക്കാനും നിർദേശം വന്നു. ഓരോ പ്രദേശങ്ങളിലും അടിയന്തര സന്ദേശമായി സൈറൺ മുഴക്കുന്നതിനും സംവിധാനങ്ങളൊരുക്കി.
അബ്ബാസിയ പൊലീസ് സ്റ്റേഷനിലും സൈറൺ സംവിധാനിച്ചു. അതിർത്തിയിൽനിന്ന് മിസൈലുകൾ പാഞ്ഞുവരുമ്പോൾ സൈറൺ മുഴങ്ങുമെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടണമെന്നുമുള്ള സന്ദേശങ്ങൾ വിവിധ ഭാഷകളിൽ പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ, കുവൈത്തിന്റെ അതിർത്തിയിൽനിന്ന് ബ്രിട്ടീഷ് സൈനിക ടാങ്കുകളും ഇറാഖിലേക്ക് പ്രയാണമാരംഭിച്ചു. ഇത് തത്സമയം ചാനലുകളിലൂടെ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു.
ഇറാഖ് സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു അനുമാനം. എന്നാൽ, സൈന്യം ബാഗ്ദാദ് വരെ നിഷ്പ്രയാസം കടന്നുകയറി. ഈ സമയത്ത് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം പകൽ മാത്രമായി പരിമിതപ്പെടുത്തിയത് നാട്ടിലേക്ക് മടങ്ങുന്നവരുടെ പ്രയാസങ്ങൾ വർധിപ്പിച്ചു. എങ്കിലും, ഇറാഖിന്റെ ആക്രമണം ഉണ്ടായില്ലെന്ന ആശ്വാസത്തിൽ ആ കാലവും കടന്നുപോയി.
ഐക്യബോധം വളർത്തി സംഘടനകൾ
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല), ഒ.ഐ.സി.സി, കെ.ഐ.ജി, കെ.എം.സി.സി, കെ.കെ.എം.എ, സാരഥി, എൻ.എസ്.എസ്, ഇന്ത്യൻ വിമൻസ് ലീഗ് പോലുള്ള ഏതാനും സംഘടനകളാണ് പ്രധാനമായും തുടക്കകാലത്ത് ഉണ്ടായിരുന്നത്. കലയുടെ സാഹിത്യ വിഭാഗം സെക്രട്ടറിയായി പ്രവർത്തിക്കാനും സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമാകാനും അന്ന് കഴിഞ്ഞു. രണ്ടായിരത്തിനു ശേഷമാണ് പ്രാദേശിക സംഘടനകൾ രംഗത്തുവന്നത്.
2006ൽ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) എന്ന മിഡിലീസ്റ്റിലെ ആദ്യ ഓട്ടോകാഡ് യൂസേഴ്സ് സംഘടന നിലവിൽ വന്നു. തുടക്കം മുതൽ തന്നെ അതിന്റെ ഭാഗമായി പ്രവർത്തിക്കാനും നിരവധി തവണ സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിക്കാനും സാധിച്ചു.
2006ൽ രൂപവത്കൃതമായ ജന്മനാടിന്റെ സംഘടനയായ കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ പ്രസിഡന്റായും ജില്ല അസോസിയേഷനുകളുടെ കൂട്ടായ്മയായ കേരള യുനൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷനിലും (കുട) 2017ൽ രൂപവത്കൃതമായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻ (ഫിറ) സംഘടനകളിലും നേതൃപരമായ പങ്ക് വഹിക്കാൻ സാധിച്ചു.
കുടുംബത്തിനൊപ്പം കഴിഞ്ഞ കോവിഡ് കാലം
2019 ഡിസംബർ 10ന് മകളുടെ വിവാഹാവശ്യാർഥം നാട്ടിലേക്കു തിരിക്കുമ്പോൾ ലോകം സമാധാനപരമായിരുന്നു. എന്നാൽ, വൈകാതെ എല്ലാം തകിടം മറിഞ്ഞു. ലോകം മഹാമാരിയുടെ നീരാളിപ്പിടിത്തത്തിൽ അമർന്നു. 2020 മാർച്ച് എട്ടിന് എനിക്ക് കുവൈത്തിലേക്ക് മടങ്ങേണ്ട ദിവസം കുവൈത്ത് വിമാനത്താവളം കോവിഡ് പ്രതിസന്ധി കാരണം അനിശ്ചിതമായി അടച്ചു.
അതോടെ വീട്ടിൽ കഴിഞ്ഞു. അതൊരു അനുഗ്രഹമായി കാണുന്നു. 42 വർഷങ്ങൾക്കുശേഷം മാതാപിതാക്കൾക്കൊപ്പം ഒരു വർഷം അന്ന് നാട്ടിൽ കഴിയാൻ അവസരം ലഭിച്ചു.
വിമാനത്താവളം തുറന്നതോടെ 2020 ഡിസംബറിൽ യു.എ.ഇ വഴി കുവൈത്തിലേക്ക് പുറപ്പെട്ടു. യു.എ.ഇയിൽ ക്വാറന്റീനിൽ കഴിയുന്ന ദിവസം വീണ്ടും കുവൈത്ത് എയർപോർട്ട് അടച്ചു. ഇതോടെ യു.എ.ഇയിൽ കുടുങ്ങി. എന്നാൽ, ഒരാഴ്ചക്കുശേഷം എയർപോർട്ട് തുറന്നതോടെ കുവൈത്തിലെത്താൻ സാധിച്ചു.
തിരിഞ്ഞുനോക്കുമ്പോൾ ജൂലൈ എന്നും പലരൂപത്തിൽ കൂടെയുണ്ടായിട്ടുണ്ട്. ആദ്യമായി ജോലിയാവശ്യാർഥം എറണാകുളത്തേക്ക് പോയത് 1979ൽ ഒരു ജൂലൈ മാസമായിരുന്നു. വിവാഹം നടന്നത് 1992 ജൂലൈയിൽ. കുവൈത്തിലേക്ക് വന്നത് 1998 ജൂലൈ മൂന്നിന്.
ആ വരവിന് അടുത്ത ജൂലൈയിൽ 25 വർഷം പൂർത്തിയാകും. ഇനി മടങ്ങാനൊരുങ്ങുകയാണ്. തിരിച്ചുപോക്കിനു നിശ്ചയിക്കപ്പെട്ടതും ജൂലൈ എന്നതും യാദൃച്ഛികമാകാം. മാതാവ് വിടപറഞ്ഞെങ്കിലും പിതാവ് അബ്ദുൽ അസീസ്, ഭാര്യ ഷാഹിദ, മക്കളായ ജീന അസ്ലം, ജിതിൻ, മരുമകൻ അസ്ലം എന്നിവർ കാത്തിരിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.