സാമ്പത്തിക വർഷം 6.4 ബില്യൺ ദീനാർ മിച്ചം; ശക്തമായ സാമ്പത്തിക നിലയിൽ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: എണ്ണവരുമാനത്തിൽനിന്ന് നേട്ടംകൊയ്ത് ശക്തമായ സാമ്പത്തികനിലയിൽ കുവൈത്ത്. 2022-2023 സാമ്പത്തികവർഷത്തിൽ 6.4 ബില്യൺ ദീനാർ അന്തിമ അക്കൗണ്ടിൽ മിച്ചം രേഖപ്പെടുത്തിയതായി ധനമന്ത്രാലയം വ്യക്തമാക്കി. ഒമ്പതു വർഷത്തിനിടെ ആദ്യമായാണ് ഈ നേട്ടം.
മുൻ സാമ്പത്തികവർഷം 4.3 ബില്യൺ ദീനാറായിരുന്നു മിച്ചം. 2022-2023 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ യഥാർഥ വരുമാനം 54.7 ശതമാനം വർധിച്ച് 28.8 ബില്യൺ ദീനാറിൽ എത്തിയതായും ധനമന്ത്രാലയം അറിയിച്ചു. മൊത്തം വരുമാനത്തിന്റെ 92.7 ശതമാനവും എണ്ണ വരുമാനമാണ്. രാജ്യത്തിന്റെ എണ്ണ വരുമാനം 26.7 ബില്യൺ ദീനാറാണ്. ഇതിൽ 64.7 ശതമാനം വർധനയുണ്ട്.
അതേസമയം, എണ്ണ ഇതര വരുമാനം 12.8 ശതമാനം കുറഞ്ഞു 2.1 ബില്യൺ ദീനാറിലെത്തി. ശരാശരി എണ്ണവില ബാരലിന് 97.1 ഡോളറായി രേഖപ്പെടുത്തി, 21.4 ശതമാനം വർധിച്ചു. പ്രതിദിന ഉൽപാദനം 2.693 ദശലക്ഷം ബാരലിലെത്തുകയും ചെയ്തു. 2.6 ശതമാനം ഇടിവോടെ മൊത്തം ചെലവുകൾ 22.4 ബില്യൺ ദീനാറിൽ എത്തി. 2022-2023 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന്റെ ലക്ഷ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബജറ്റ് ലാഭം 1.1 ബില്യൺ ദീനാറായി കണക്കാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.
പേമെന്റുകളും സബ്സിഡിയും മൊത്തം ചെലവുകളുടെ 78 ശതമാനവും യഥാർഥ മൂലധന ചെലവ് മൊത്തം ചെലവിന്റെ ഒമ്പതു ശതമാനത്തിലുമെത്തി. രാജ്യം ഉറച്ച സാമ്പത്തികനിലയും വലിയ കരുതൽധനവും സാമ്പത്തിക സ്ഥിരതയും തുടരുന്നതായി ഉപപ്രധാനമന്ത്രിയും എണ്ണ-സാമ്പത്തികകാര്യ-നിക്ഷേപ സഹമന്ത്രിയും ധനകാര്യ ആക്ടിങ് മന്ത്രിയുമായ ഡോ. സാദ് അൽ ബറാക് പറഞ്ഞു.
ഈ ഘടകങ്ങൾ വെല്ലുവിളികളെ മറികടക്കാനും അവസരങ്ങൾ പ്രയോജനപ്പെടുത്താനും പ്രാപ്തരാക്കുന്നതായും മന്ത്രി പറഞ്ഞു. അന്തിമ കണക്ക് നിയമനിർമാണ അതോറിറ്റിയുമായി ചർച്ചചെയ്യാൻ സർക്കാർ പൂർണമായും തയാറാണ്, ധനമന്ത്രാലയത്തെയും സംസ്ഥാന ധനകാര്യ സ്ഥാപനത്തെയും പിന്തുണച്ചതിന് മന്ത്രിസഭയോട് നന്ദി പറയുന്നതായും ഡോ. സാദ് അൽ ബറാക് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.