കുവൈത്ത് എയർവേസിൽ യുവതി കുഞ്ഞിന് ജന്മം നൽകി
text_fieldsകുവൈത്ത് സിറ്റി: ന്യൂയോർക്കിലേക്കുള്ള യാത്രക്കിടെ കുവൈത്ത് എയർവേസ് വിമാനത്തിൽ യാത്രക്കാരിയായ യുവതിക്ക് സുഖപ്രസവം. കെ.യു 117 നമ്പർ വിമാനത്തിലാണ് കുഞ്ഞുപിറന്നത്. യാത്രക്കിടയിൽ പ്രസവവേദന അനുഭവപ്പെട്ട യുവതി വിവരം ക്രൂ അംഗങ്ങളെ അറിയിച്ചു. തുടർന്ന് ജീവനക്കാർ യുവതിക്ക് പ്രസവത്തിനുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വിവരം. കാര്യക്ഷമമായും പ്രഫഷനൽ രീതിയിലും അടിയന്തരമായി ഇടപെട്ട വിമാനജീവനക്കാരെ വിവിധ മേഖലയിലുള്ളവർ അഭിനന്ദിച്ചു. ഈ മാസം ആദ്യത്തിലും കുവൈത്ത് എയർവേസിൽ കുഞ്ഞുപിറന്നിരുന്നു.
ആഗസ്റ്റ് രണ്ടിന് കുവൈത്തിൽനിന്ന് ഫിലിപ്പീൻസിലെ മനിലയിലേക്കുള്ള യാത്രക്കിടെയാണ് കുവൈത്ത് എയർവേസ് വിമാനത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകിയത്. കെ.യു 417 വിമാനത്തിലാണ് അന്ന് സംഭവം. അന്നും വിമാനജീവനക്കാരാണ് യുവതിയുടെ പ്രസവം കൈകാര്യംചെയ്തത്. ജീവനക്കാർ അവരുടെ ഡ്യൂട്ടി പ്രഫഷനലായി ചെയ്തുവെന്ന് കുവൈത്ത് എയർവേസ് അന്ന് പ്രതികരിച്ചിരുന്നു. ജീവനക്കാർക്ക് കമ്പനി നൽകുന്ന കൃത്യമായ പരിശീലനമാണ് അടിയന്തര സാഹചര്യങ്ങളിൽ ഇത്തരം വിഷയങ്ങളെ കൈകാര്യംചെയ്യാൻ അവരെ പ്രാപ്തരാക്കുന്നതെന്നും കമ്പനി വ്യക്തമാക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.