ഒന്നര വർഷത്തിനുശേഷം സർക്കാർ സ്കൂൾ തുറന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഒന്നര വർഷത്തെ ഇടവേളക്കുശേഷം സർക്കാർ വിദ്യാലയങ്ങളിൽ ഞായറാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് 18 മാസമായി സ്കൂളുകൾ അടച്ചിട്ടിരുന്നത്. അഞ്ചു ലക്ഷത്തോളം വിദ്യാർഥികളാണ് രാജ്യത്തെ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ചാണ് ക്രമീകരണം.
ഒന്നിടവിട്ട ദിവസങ്ങളിലാണ് ഒാരോ വിദ്യാർഥിക്കും ഇപ്പോൾ ക്ലാസ്.
വിദ്യാർഥികളെയും ജീവനക്കാരെയും സന്ദർശകരെയും ശരീരതാപനില പരിശോധന നടത്തിയാണ് ക്ലാസ്മുറികളിൽ പ്രവേശിപ്പിച്ചത്.
നേരിട്ടുള്ള ക്ലാസുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെങ്കിലും രക്ഷിതാക്കൾക്ക് ഓൺലൈൻ രീതി തുടരണം എന്നുണ്ടെങ്കിൽ അതിനുള്ള അവസരവും വിദ്യാഭ്യാസ മന്ത്രാലയം നൽകിയിട്ടുണ്ട്.
നേരേത്ത വിലയിരുത്തിയപോലെ സ്കൂൾ തുറക്കുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. കഴിഞ്ഞയാഴ്ച സ്വകാര്യ സ്കൂളുകൾ തുറന്നപ്പോൾതന്നെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
കുട്ടികൾ സ്കൂളിലേക്കും തിരിച്ചും സഞ്ചരിക്കുന്ന സമയങ്ങളിൽ നിരത്തുകളിൽ വലിയ രീതിയിൽ ഗതാഗതക്കുരുക്കുണ്ടാകുന്നത് രാജ്യത്ത് പതിവാണ്.
യാത്രാസമയം ക്രമീകരിക്കണം എന്ന് വാഹന ഉടമകളോടും ഡ്രൈവർമാരോടും അധികൃതർ നിർദേശിച്ചു.
പ്രധാന നിരത്തുകളിലും സ്കൂൾ പരിസരങ്ങളിലും പട്രോൾ യൂനിറ്റുകളെ പ്രത്യേകമായി വിന്യസിക്കുന്നതുൾപ്പെടെ തിരക്ക് ഒഴിവാക്കാനുള്ള വിവിധ ക്രമീകരണങ്ങൾ ട്രാഫിക് വിഭാഗം കൈക്കൊണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.