അബ്ദുല്ല സാലിം കൾചറൽ സെൻററിന് അന്താരാഷ്ട്ര ബഹുമതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് അബ്ദുല്ല അൽ സാലിം കൾചറൽ സെൻററിന് വീണ്ടും അന്താരാഷ്ട്ര ബഹുമതി. എൽ.ഡി.സി ബെർലിൻ അവാർഡ് 2021ൽ 'പുതിയ സാംസ്കാരിക കേന്ദ്രം (മിഡിലീസ്റ്റ്/ആഫ്രിക്ക)' വിഭാഗത്തിലാണ് കുവൈത്തിലെ കേന്ദ്രം തെരഞ്ഞെടുക്കപ്പെട്ടത്.
21 രാജ്യങ്ങളിൽനിന്നുള്ള 39 സാംസ്കാരിക കേന്ദ്രങ്ങളാണ് ലീഡിങ് കൾചർ ഡെസ്റ്റിനേഷൻ ബെർലിൻ പുരസ്കാരത്തിനായി മത്സരിച്ചത്.
പുതിയ സാംസ്കാരിക കേന്ദ്രങ്ങൾ (അഞ്ച് വിഭാഗം), ഡിജിറ്റൽ ഡെസ്റ്റിനേഷൻ (മൂന്ന് വിഭാഗം), സോഫ്റ്റ് പവർ ഡെസ്റ്റിനേഷൻ (ഒരു വിഭാഗം), ക്ലൈമറ്റ് സ്മാർട്ട് (ഒരു വിഭാഗം), ട്രാവലേഴ്സ് അവാർഡ് (മൂന്ന് വിഭാഗം) എന്നിങ്ങനെ 13 പുരസ്കാരങ്ങളാണ് എൽ.സി.ഡി ബെർലിൻ നൽകുന്നത്.
അബ്ദുല്ല അൽ സാലിം കൾചറൽ സെൻററിന് നേരത്തേ 2018ലെ മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ മികച്ച പൊതുസേവന കെട്ടിട നിർമിതിക്കുള്ള 'ഇൻറർനാഷനൽ പ്രോപ്പർട്ടി അവാർഡ്' ലഭിച്ചിരുന്നു.
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, സയൻസ് മ്യൂസിയം, ഇസ്ലാമിക് ഹിസ്റ്ററി മ്യൂസിയം, സ്പേസ് മ്യൂസിയം, ഫൈൻ ആർട്സ് സെൻറർ, 350 സീറ്റുള്ള തിയറ്റർ എന്നിങ്ങനെ ആറ് പ്രധാന കെട്ടിടങ്ങളാണ് സെൻററിൽ കീഴിലുള്ളത്. രാജ്യത്തിൻെറ സാംസ്കാരിക തനിമയും പൈതൃകവും അറിയാനും സംരക്ഷിക്കാനുമുള്ള കേന്ദ്രമായാണ് ഇവ പണികഴിപ്പിച്ചത്.
22 ഷോറൂമുകളിലായി 3000 പ്രദർശന വസ്തുക്കൾ ഇവിടെയുണ്ട്. 13 രാജ്യങ്ങളിൽനിന്നുള്ള നൂറോളം വിദഗ്ധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മ്യൂസിയം പണിതത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടാനും കൂടുതൽ സന്ദർശകരെ ആകർഷിക്കാനും പുരസ്കാരങ്ങൾ ഉപകരിക്കുമെന്നും അമീരി ദിവാൻ ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.