40,000 ഇന്ത്യൻ വീട്ടുജോലിക്കാർ കഴിഞ്ഞ വർഷം കുവൈത്ത് വിട്ടു
text_fieldsകുവൈത്ത് സിറ്റി: 40,000 ഇന്ത്യൻ ഗാർഹികത്തൊഴിലാളികൾ കഴിഞ്ഞ വർഷം കുവൈത്ത് വിട്ടു. കഴിഞ്ഞ വർഷം കുവൈത്ത് വിട്ട ഗാർഹിക വിസക്കാരുടെ 53 ശതമാനവും ഇന്ത്യക്കാരാണ്. 2020 ഡിസംബറിൽ കുവൈത്തിൽ 3,19,300 ഇന്ത്യൻ ഗാർഹികത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. 2021 അവസാനമാകുമ്പോഴേക്ക് ഇത് 2,79,590 ആയി കുറഞ്ഞു. മൊത്തത്തിൽ കഴിഞ്ഞ വർഷം 75000 പേരുടെ കുറവാണ് വന്നത്.
2020 അവസാനം 6,68,600 ഗാർഹികത്തൊഴിലാളികളാണ് കുവൈത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 42,360 വനിത തൊഴിലാളികളും 32,600 പുരുഷ തൊഴിലാളികളും കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് തിരിച്ചുപോയി. 7100 ഫിലിപ്പിനോകളും 4580 ബംഗ്ലാദേശികളും കുറഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാലത്ത് നിരവധി പേർ തിരിച്ചുപോയതാണ് കുത്തനെയുള്ള കുറവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പൊതുവിൽ കുവൈത്തിൽ ഗാർഹികത്തൊഴിലാളികളുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാൻ പുതിയ രാജ്യങ്ങളിൽനിന്ന് റിക്രൂട്ടിങ് ഊർജിതമാക്കണമെന്ന നിലപാടിലാണ് അധികൃതർ. ഗാർഹികത്തൊഴിലാളികളുടെ മിനിമം വേതനം ഉയർത്താൻ മാൻപവർ അതോറിറ്റി ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.
രാജ്യത്തെ ഗാർഹിക തൊഴിൽ മേഖല കൂടുതൽ ആകർഷമാക്കാൻ ശമ്പള പരിധി ഉയർത്തൽ അനിവാര്യമാണെന്ന വിലയിരുത്തൽ അധികൃതർക്കുണ്ട്. നിലവിൽ 60 ദീനാർ ആണ് മിനിമം വേതനം. ഈ ശമ്പളത്തിൽ ജോലിചെയ്യുന്ന നിരവധി തൊഴിലാളികൾ രാജ്യത്തുണ്ട്. മിനിമം വേതനം 75 ദീനാർ എങ്കിലും ആയി ഉയർത്താനാണ് അധികൃതർ ആലോചിക്കുന്നത്.
വിവിധ രാജ്യങ്ങൾ പ്രത്യേകം ധാരണ രൂപപ്പെടുത്തി സ്വന്തം പൗരന്മാർക്ക് താരതമ്യേന മെച്ചപ്പെട്ട ശമ്പളം ഉറപ്പുവരുത്തിയിട്ടുമുണ്ട്. ഇന്ത്യയും കുവൈത്തും തമ്മിൽ ഒപ്പുവെച്ച റിക്രൂട്ട്മെൻറ് ധാരണപത്രം അനുസരിച്ച് ഇന്ത്യൻ പുരുഷ ഗാർഹികത്തൊഴിലാളികളുടെ മിനിമം വേതനം 100 ദീനാർ ആയും വനിതകളുടേത് 110 ദീനാർ ആയും നിശ്ചയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.