കുവൈത്തിൽനിന്ന് ഒരാഴ്ചക്കിടെ 503 വിദേശികളെ നാടുകടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഒരാഴ്ചക്കിടെ 503 വിദേശികളെ നാടുകടത്തി. ഡിസംബർ എട്ടുമുതൽ 14 വരെയുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗം പുറത്തുവിട്ടത്. 255 പുരുഷന്മാരെയും 248 സ്ത്രീകളെയുമാണ് സ്വന്തം രാജ്യത്തേക്ക് അയച്ചത്. താമസ നിയമലംഘനം, അനധികൃത ഗാർഹികത്തൊഴിലാളി ഓഫിസ് നടത്തിയവർ, ലൈസൻസില്ലാതെ വാഹനമോടിച്ചവർ, മദ്യ മയക്കുമരുന്ന് കേസ് പ്രതികൾ, കോടതി നാടുകടത്താൻ ഉത്തരവിട്ടവർ എന്നിവരെയാണ് നാടുകടത്തിയത്. ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ്, മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ശൈഖ് ഫൈസൽ നവാഫ് എന്നിവരുടെ നിർദേശപ്രകാരം നാടുകടത്തൽ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ നാലുമാസമായി എല്ലാ മാസവും രണ്ടായിരത്തിലേറെ ആളുകളെ നാടുകടത്തുന്നുണ്ട്. സെപ്റ്റംബറിൽ ആരംഭിച്ച സുരക്ഷ പരിശോധന കാമ്പയിൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതാണ് കാമ്പയിൻ നിർത്തിവെക്കാൻ നിർബന്ധിതരാക്കിയത്. നാടുകടത്തൽ കേന്ദ്രം നിറഞ്ഞിരിക്കുകയായിരുന്നു. ജയിലിൽ ആളൊഴിയുന്ന മുറക്ക് ഒറ്റപ്പെട്ട രീതിയിൽ പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 472 പേരെ ഇത്തരത്തിൽ പരിശോധനയിലൂടെ പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.