നിറപ്പകിട്ടാർന്ന യൂറോ, ദേശീയത ഉണർത്തുന്ന കോപ്പ...
text_fieldsലോകകപ്പ് കഴിഞ്ഞാൽ ഫുട്ബാൾ പ്രേമികളെ ഹരം കൊള്ളിക്കുന്ന രണ്ട് പ്രധാന ടൂർണമെന്റുകളാണ് യൂറോകപ്പും കോപ്പ അമേരിക്കയും. വർഷങ്ങളുടെ പഴക്കവും പാരമ്പര്യവും കോപ്പക്കുണ്ടെങ്കിലും ഫുട്ബാളിനോട് ചേർത്തുപറയാൻ സാധിക്കുന്ന ഒരുപിടി ടീമുകൾ യൂറോയിൽ മാറ്റുരക്കുന്നതുകൊണ്ട് തന്നെ യൂറോകപ്പ് എന്നും ഗ്ലാമറായി നിലനിൽക്കുന്നു.
യൂറോപ്യൻ ടീമുകളുടെ പ്രൗഢിയും തലയെടുപ്പും പണക്കൊഴുപ്പും കോപ്പയിലെ ടീമുകൾക്ക് കുറവാണങ്കിലും ആവേശവും വാശിയും നിറഞ്ഞ പോരാട്ടങ്ങൾ തന്നെയാണ് കോപ്പയിലും. യൂറോപ്യൻസിന് ഫുട്ബാൾ ഒരു വിനോദമാണെങ്കിൽ സൗത്ത് അമേരിക്കൻ ടീമുകൾക്ക് ഫുട്ബാൾ അവരുടെ ദേശീയതയോട് ചേർന്ന വികാരമാണ്.
ഫ്രാൻസും പോർച്ചുഗലും അല്ലെങ്കിൽ ജർമനിയും സ്പെയിനും പോലെ യൂറോപ്പിലെ വമ്പൻ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഉണ്ടാവുന്ന അതേ വീറും വാശിയും ചിലിയും അർജന്റീനയും അല്ലെങ്കിൽ ബ്രസീലും ഇക്വഡോറും തമ്മിലുള്ള മത്സരങ്ങളിലും ഉണ്ടാകാറുണ്ട്. കോപ്പയിലെ വമ്പൻമാരായ ബ്രസീൽ, അർജന്റീന, ഉറൂഗ്വയ് ടീമുകൾ തമ്മിലാണ് മത്സരമാണെങ്കിൽ യുദ്ധ സമാനമായ പോരാട്ടമാകും അരങ്ങേറുക.
ക്രിക്കറ്റിൽ ഇന്ത്യ- പാകിസ്താൻ മത്സരങ്ങളിൽ കാണുന്നത് പോലെയുള്ള ഒരു ഇമോഷണൽ ലോക്ക് സൗത്ത് അമേരിക്കൻ ടീമുകൾ തമ്മിലുള്ള മത്സരങ്ങളിൽ കാണാൻ സാധിക്കും.
കളിയും അതിലെ ജയപരാജയങ്ങളും ഫുട്ബാൾ എന്ന അർഥത്തിൽ മാത്രം യൂറോപ്പിൽ ചർച്ചയാകുമ്പോൾ സൗത്ത് അമേരിക്കയിൽ നടക്കുന്ന ഓരോ മത്സരങ്ങളും രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടമായി കാണുന്ന വലിയൊരു ജനത അവിടങ്ങളിൽ ഇപ്പോഴുമുണ്ട്. കളിക്കാരെല്ലാം ആ ഒരു വികാരം ഉൾക്കൊണ്ട് കളിക്കുന്നതുകൊണ്ട് തന്നെയാകും കോപ്പയിലെ ഓരോ മത്സരങ്ങളും വീറും വാശിയും ആവേശവും വിതറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.