കോവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്തവർ ഒന്നര ലക്ഷത്തോടടുക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാൻ ഒാൺലൈനിൽ രജിസ്റ്റർ ചെയ്തവർ ഒന്നര ലക്ഷത്തോടടുക്കുന്നു. നാലായിരത്തിലേറെ പേർ ഇതിനകം കുത്തിവെപ്പെടുത്തു. ആർക്കും പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാക്സിൻ നൽകിയതിനുശേഷം 15 മിനിറ്റുകൂടി അവിടെ ഇരുത്തിയാണ് ആളുകളെ മടക്കിയയക്കുന്നത്.
പാർശ്വഫലങ്ങൾ വല്ലതും ഉണ്ടോ എന്ന് പരിശോധിക്കാനാണിത്. രാവിലെ ഒമ്പത് മുതൽ രാത്രി ഏഴുവരെയാണ് മിഷ്രിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിലെ ഹാൾ അഞ്ചിൽ സ്ഥാപിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം പ്രവർത്തിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് മുൻഗണനാടിസ്ഥാനത്തിൽ അപ്പോയിൻറ്മെൻറ് നൽകിയാണ് കുത്തിവെപ്പിന് ആളുകളെ സ്വീകരിക്കുന്നത്. അപ്പോയിൻറ്മെൻറ് എടുത്തവർക്ക് മൊബൈൽ ഫോണിലേക്ക് ബാർ കോഡ് അയക്കുന്നു. ഇത് പരിശോധിച്ചാണ് അകത്തേക്ക് കടത്തിവിടുന്നത്. ഒരാൾക്ക് രണ്ട് ഡോസ് ആണ് എടുക്കേണ്ടത്. ആദ്യ ഡോസ് എടുത്തുകഴിഞ്ഞാൽ ഹെൽത്ത് കാർഡ് നൽകും. രണ്ടാം ഡോസിെൻറ തീയതി ഇതിൽ രേഖപ്പെടുത്തിയിരിക്കും. രണ്ടാം ഡോസ് ഒാർമപ്പെടുത്താൻ മൊബൈൽ ഫോണിലേക്ക് സന്ദേശം അയക്കുകയും ചെയ്യും. ആദ്യ ഡോസ് കഴിഞ്ഞ് കുറഞ്ഞത് 21 ദിവസത്തിനു ശേഷമാണ് രണ്ടാമത്തേത് എടുക്കേണ്ടത്. ഇത് ബൂസ്റ്റർ ഡോസ് ആണ്. രണ്ടാം ഡോസ് എടുത്ത് ഒരാഴ്ചക്കു ശേഷമാണ് ഫലം പൂർണതോതിൽ ലഭിക്കുക.
ആദ്യ ഡോസ് എടുത്തശേഷം രണ്ടാമത്തേതും എടുക്കുന്നതിനു മുമ്പ് വിദേശയാത്ര നടത്തരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഴ്ചയിൽ എല്ലാ ദിവസവും കേന്ദ്രം പ്രവർത്തിക്കും. എല്ലാമാസവും വാക്സിൻ ഡോസുകൾ എത്തിക്കും. ആദ്യ ബാച്ച് ആയി 1,50,000 ഡോസ് ഫൈസർ, ബയോൺടെക് വാക്സിൻ എത്തിച്ചിരുന്നു.
ഇത് 75,000 പേർക്ക് തികയും. ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. 400ലേറെ ആരോഗ്യ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.