കുവൈത്ത്: ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് വേഗം കൂട്ടും
text_fieldsകുവൈത്ത്സിറ്റി: രാജ്യത്ത് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ത്വരിതഗതിയിലാക്കാന്‍ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം.വിദേശത്തുനിന്ന് രാജ്യത്തേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു.
ഇതുസംബന്ധമായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹിന് കത്തയച്ചു.കുവൈത്ത് സർക്കാർ അംഗീകൃത റിക്രൂട്ട്മെന്റ് സ്ഥാപനമായ അൽ ദുറ കമ്പനി വിവിധ രാജ്യങ്ങളില്‍ നേരിടുന്ന റിക്രൂട്ട്മെന്റ് പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സഹായം അഭ്യര്‍ഥിച്ചത്. റിക്രൂട്ട്മെന്റ് നടപടികള്‍ എളുപ്പവും സുതാര്യവുമാക്കുന്നതിന്‍റെ ഭാഗമായി അതത് രാജ്യങ്ങളിലെ അപേക്ഷകൾ ഓണ്‍ലൈനായി സ്വീകരിക്കാനും അൽ ദുറ കമ്പനിക്ക് ആഭ്യന്തര മന്ത്രി നിർദേശം നല്‍കി. ചില രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നിർത്തിച്ചതിനാൽ രാജ്യത്ത് ഇവരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. റിക്രൂട്ട്മെന്റ് നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇതിനായുള്ള നിരക്കും ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. ഇവ കർശനമായി പാലിക്കാനും നിർദേശമുണ്ട്. ആഭ്യന്തര മന്ത്രാലയം, മാൻപവർ പബ്ലിക്ക് അതോറിറ്റി, വാണിജ്യ മന്ത്രാലയം എന്നിവരടങ്ങുന്ന ത്രികക്ഷി സമിതിയുടെ നേതൃത്വത്തില്‍ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകളിൽ പരിശോധന തുടരുകയാണ്.
ഫർവാനിയ, ജലീബ് അല്‍ ഷുയൂഖ് എന്നീ പ്രദേശങ്ങളില്‍ നടന്ന പരിശോധനയില്‍ ഗാർഹിക തൊഴിലാളി നിയമവും വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനവും ലംഘിച്ചതിന് നിരവധി ഓഫിസുകൾക്കെതിരെ നടപടി സ്വീകരിച്ചു. പരിശോധനയില്‍ ഇതുവരെ 78 ലധികം റിക്രൂട്ട്മെന്റ് ഓഫിസുകളാണ് അടച്ചുപൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.