നിയമം പ്രാബല്യത്തില്‍; അതിർത്തികടക്കാൻ പിഴ അടക്കണം
text_fieldsകുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഒടുക്കിയിട്ടില്ലെങ്കിൽ ഇനി മുതൽ പ്രവാസികൾക്ക് ആ വാഹനവുമായി രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാൻ കഴിയില്ല. നിയമലംഘനങ്ങളുടെ പിഴ അടച്ചാല്‍ മാത്രമെ ഇത്തരം വാഹനങ്ങള്‍ക്ക് രാജ്യാതിർത്തിയിൽനിന്ന് പുറത്തേക്ക് പോകാന്‍ അനുമതി ലഭിക്കൂ എന്ന് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി. നിയമം വ്യാഴാഴ്ച മുതൽ പ്രാബല്യത്തില്‍ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിരീക്ഷണ കാമറകളിലും മറ്റു സംവിധാനങ്ങളിലും പകര്‍ത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ രാജ്യാതിർത്തികളിൽ സജ്ജീകരിച്ചിരിക്കുന്ന കലക്ഷൻ പോയന്റുകൾ വഴി പിഴ അടക്കാന്‍ കഴിയും. ഇവ അടച്ച് നിയമപ്രശ്നങ്ങൾ അവസാനപ്പിച്ചാൽ മാത്രമെ വാഹനങ്ങൾ അതിർത്തി കടത്തി വിടൂ.
ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിൽ ജി.സി.സി രാഷ്ട്രങ്ങൾക്കിടയിലും ഏകോപനം നടന്നുവരുകയാണ്. എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഏകീകൃത ട്രാഫിക് സംവിധാനം വൈകാതെ നിലവിൽ വരും. ഇതിന്റെ ആദ്യഘട്ടമായി കുവൈത്തും ഖത്തറും കഴിഞ്ഞ മാസം കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതുപ്രകാരം ഇരു രാജ്യങ്ങളിലും നടക്കുന്ന ഗതാഗത നിയമലംഘന വിവരങ്ങൾ പരസ്പരം പങ്കുവെക്കും. ഒരു രാജ്യത്ത് നിയമലംഘനം നടത്തി അതിർത്തി കടന്നാലും രക്ഷപ്പെടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.