മനുഷ്യക്കടത്തിനെതിരെ ശക്തമായ നടപടി -മന്ത്രി
text_fieldsകുവൈത്ത് സിറ്റി: മനുഷ്യക്കടത്തിനെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്ന് നീതിന്യായ മന്ത്രിയും ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ വാസ്മി. വ്യക്തികളെയും കുടിയേറ്റക്കാരെയും കടത്തുന്നത് പ്രതിരോധിച്ച് കുവൈത്തിന്റെ റേറ്റിങ് മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും അദ്ദേഹം വ്യക്തമാക്കി.
വ്യക്തികളെ കടത്തുന്നതും കുടിയേറ്റക്കാരെ കടത്തുന്നതും തടയുന്നതിനുള്ള ദേശീയ തന്ത്രം നടപ്പാക്കുന്നതിനുള്ള സ്ഥിരം ദേശീയ സമിതിയുടെ 12ാമത് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. മനുഷ്യക്കടത്തിനും കുടിയേറ്റക്കടത്തിനുമെതിരെ കുവൈത്ത് നടത്തുന്ന തീവ്ര ശ്രമങ്ങളുടെ ഭാഗമായാണ് യോഗമെന്ന് അദ്ദേഹം വിവരിച്ചു. നിയമ പരിഷ്കരണം, ആവശ്യമായ ഭേദഗതികൾ എന്നിവ അടക്കം ഈ കാര്യത്തിൽ കൃത്യതയും വേഗത്തിലുള്ളതുമായ ശ്രമങ്ങൾക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.
മനുഷ്യക്കടത്ത് തടയുന്നതിനും തൊഴിൽ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം വർധിപ്പിക്കുന്നതിനും ദേശീയ റഫറൽ സംവിധാനം പ്രയോഗിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. താമസ നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിന് രാജ്യവ്യാപകമായി ആഭ്യന്തര മന്ത്രാലയം ആരംഭിച്ച പരിശോധനകൾ സ്ഥിരം ദേശീയ സമിതി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2018 ഫെബ്രുവരിയിൽ മന്ത്രിസഭ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം ദേശീയ സമിതി രൂപവത്കരിച്ചത്. നീതിന്യായ, ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രിയാണ് അധ്യക്ഷൻ. വ്യക്തികളുടെ കടത്തും കുടിയേറ്റ കള്ളക്കടത്തും തടയുകയും പ്രസക്തമായ അപകടസാധ്യതകളെക്കുറിച്ച് സാമൂഹിക അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.