അനധികൃതമായി പരസ്യബോർഡുകൾ സ്ഥാപിച്ചാൽ നടപടി
text_fieldsകുവൈത്ത് സിറ്റി: പാതയോരങ്ങളിൽ അനധികൃതമായി പരസ്യബോർഡുകളും ബാനറുകളും സ്ഥാപിച്ചാൽ കർശന നടപടി ഉണ്ടാകും. ഇത്തരത്തിൽ സ്ഥാപിച്ച ബോർഡുകൾ അധികൃതർ നീക്കിത്തുടങ്ങി. പരസ്യ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയര്‍ സൗദ് അൽ ദബ്ബൂസ് വ്യക്തമാക്കി.
പ്രധാന റോഡുകളിലേക്കുള്ള കാഴ്ച മറയ്ക്കുന്ന രീതിയിൽ പാതയോരങ്ങളിലും നടപ്പാതകളിലും കൈവരികളിലും സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ അലോസരമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. പരസ്യ ചട്ടങ്ങള്‍ക്ക് അനുസൃതമായാണ് വാണിജ്യ സ്ഥാപനങ്ങള്‍ക്കും സ്റ്റോറുകൾക്കും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ലൈസൻസ് നൽകുന്നത്. ഇസ്ലാമിക നിയമങ്ങളും ധാർമികതയും പാലിച്ചായിരിക്കണം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത്.
തെറ്റായ വിവരങ്ങളോ ഡേറ്റയോ ഉള്‍പ്പെടുത്തിയാല്‍ ലൈസൻസ് ഉടമക്കെതിരെ നടപടിയെടുക്കും. പരസ്യ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലൈസൻസ് നൽകുന്നതിനുമുമ്പും ശേഷവും പരസ്യ ഉള്ളടക്കം മുനിസിപ്പാലിറ്റി പരിശോധിക്കും. ലൈസൻസില്ലാത്ത പരസ്യങ്ങൾ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുമെന്നും, നിബന്ധനകൾ ലംഘിക്കുന്ന പരസ്യങ്ങൾ നീക്കം ചെയ്യുന്നതിനിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് മുനിസിപ്പാലിറ്റി ബാധ്യസ്ഥരല്ലെന്നും സൗദ് അൽ ദബ്ബൂസ് അറിയിച്ചു.
മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ പാതയോരത്തും നടപ്പാതകളിലും വൈദ്യുതി പോസ്റ്റിലും പരസ്യങ്ങളും മറ്റും സ്ഥാപിക്കുന്നതിനെതിരെയും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.